കാസര്‍കോട്: കൊവിഡ് 19 ബാധിതരെ പരിചരിക്കുന്ന കാസര്‍കോട് ജനറൽ ആശുപത്രിയിൽ അസൗകര്യങ്ങളെന്ന് പരാതി. 33 രോഗികളാണ് ഒരു വാർഡിൽ ഒന്നിച്ചു കഴിയുന്നത്. സ്ത്രീ ഉൾപ്പടെയുള്ളവരാണ് ഒറ്റ വാർഡിൽ കഴിയുന്നത്. വാർഡ് വൃത്തിഹീനമാണെന്നും ആക്ഷേപമുണ്ട്. നിറയെ പാറ്റ ശല്യമാണ്. അതിനാല്‍ ഭക്ഷണം കഴിക്കാൻ ആകുന്നില്ലെന്നും മുഴുവൻ രോഗികൾക്കും ഒരേ സ്ഥലത്ത് തന്നെയാണ് കുടിവെള്ളം വച്ചിരിക്കുന്നതെന്നും രോഗികൾ പരാതിപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്ത്രീ അടക്കമുള്ള 11 പേരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിൽ രോഗികൾ വെവ്വേറെ മുറികളിലാണ് കഴിഞ്ഞിരുന്നത്. തുടർപരിശോധന നെഗറ്റീവായ രോഗികളെ ഉൾപ്പെടെയാണ് വൃത്തിയുള്ള അന്തരീക്ഷത്തിൽ നിന്നു മാറ്റിയത്. രോഗം ഭേദമാകുന്നവരെ പോസിറ്റീവ് ആയിട്ടുള്ള രോഗികൾക്കൊപ്പം വാർഡിൽ ഒന്നിച്ചു താമസിപ്പിക്കുന്നത് ആശങ്ക ഉയർത്തുന്നതായും രോഗികൾ പരാതിപ്പെടുന്നു. എന്നാൽ പ്രോട്ടോകോൾ അനുസരിച്ചാണ് ആശുപത്രി ഒരുക്കിയിരിക്കുന്നതെന്നും സുരക്ഷ പരിഗണിച്ചാണ് പോസിറ്റീവ് ആയവരെ വാർഡിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചെറിയ പരിമിതികൾ പരിഹരിക്കപ്പെടുമെന്നും ആരോഗ്യ വകുപ്പ് ഉറപ്പ് നൽകുന്നു.