കാസർകോട് : ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി. കാസർകോട് എരുതുംകടവ് ജമാഅത്ത് പള്ളിയിലാണ് സംഭവം. രാവിലെ ദേശീയ പതാക ഉയർത്തുന്നതിനിടെ ഒരാൾ മറ്റൊരാളെ തള്ളി മാറ്റാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെയാണ് കയ്യാങ്കളിയിലേക്ക് മാറിയത്. വിദ്യാർഥികളും മദ്രസ അധ്യാപകരും നിൽക്കെയാണ് സംഭവം. പള്ളി കമ്മിറ്റിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
സംഭവത്തിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം രാജ്യത്തിന്‍റെ 77 മത് സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, സ്വാതന്ത്ര്യ സമര സേനാനി ക്യാപ്‌റ്റൻ കെ.എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പരേഡിൽ പ്രത്യേക ക്ഷണിതാക്കളായി എത്തി.
ജില്ല കലക്‌ടര്‍ കെ.ഇമ്പശേഖര്‍, ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന എന്നിവര്‍ പരേഡിനെ സല്യൂട്ട് ചെയ്‌തു. വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്‌ടർ പി. പ്രമോദ് പരേഡ് കമാണ്ടറായി. വെള്ളരിക്കുണ്ട് സബ് ഇന്‍സ്‌പെക്‌ടര്‍ ഹരികൃഷ്‌ണന്‍ സെക്കന്‍ഡ് കമാണ്ടറായി.
പരേഡില്‍ അണിനിരന്ന പ്ലാറ്റൂണുകള്‍ : കാസര്‍കോട് ജില്ല പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗ്രേഡ് എസ്.ഐ എം. ഗോപിനാഥന്‍ നയിച്ച ജില്ല പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ടീം, കാസര്‍കോട് എസ്.ഐ വിഷ്‌ണു പ്രസാദ് നയിച്ച ലോക്കല്‍ പൊലീസ് ടീം, ചീമേനി എസ്.ഐ കെ. അജിത നയിച്ച വനിത പൊലീസ് ടീം, നീലേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.കെ. സുധീര്‍ നയിച്ച എക്‌സൈസ് ടീം, നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രതിനിധി (സീനിയര്‍ അണ്ടര്‍ ഓഫീസര്‍) സഞ്‌ജീവ് കുമാര്‍ നയിച്ച സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി ടീം, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രതിനിധി എ. നിരാമയ നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി ടീം, കാഞ്ഞങ്ങാട് ഇക്‌ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രതിനിധി വി. ഷാനു നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി ടീം, ജി.എച്ച്.എസ്.എസ്. ചായ്യോത്ത് പ്രതിനിധി സി.വി. അതുല്‍ റാം നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി ടീം, പെരിയ ജവഹര്‍ നവോദയ വിദ്യാലയ പ്രതിനിധി ടി.കെ ആദര്‍ശ് നയിച്ച ബാന്‍ഡ് പാര്‍ട്ടി, നീലേശ്വരം രാജാസ് ഹൈ സ്‌കൂള്‍ പ്രതിനിധി കെ.കെ. പ്രവീണ്‍ രാജ് നയിച്ച എന്‍.സി.സി. നേവല്‍ വിങ് ടീം, ഗവൺമെന്‍റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരവനടുക്കം പ്രതിനിധി കെ. വിഷ്‌ണു നയിച്ച എന്‍.സി.സി എയര്‍ വിങ് ടീം, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രതിനിധി കെ. തേജലക്ഷ്‌മി നയിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ടീം, ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി പ്രതിനിധി സി. അനുശ്രീ നയിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ടീം, നവജീവന എച്ച്.എസ്.എസ്. പെര്‍ഡാല പ്രതിനിധി പി.സാന്ദ്വന നയിച്ച സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ടീം, ജി.എച്ച്.എസ്.എസ് ഉദിനൂര്‍ പ്രതിനിധി എം.തന്മയ നയിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ടീം, ജില്ല യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധി നവീന്‍ രാജ് നയിച്ച ടീം കേരള, ഉളിയത്തടുക്ക ജയ് മാത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രതിനിധി സി.കെ. പ്രേരന്‍ പ്രഭാകര്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി എന്നിങ്ങനെ 17 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ അസിസ്റ്റന്‍റ് കലക്‌ടര്‍ ദിലീപ് കെ കൈനിക്കര, എ.ഡി.എം കെ.നവീന്‍ ബാബു, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കലക്‌ടര്‍മാര്‍, എ.എസ്.പി ശ്യാംകുമാര്‍, ഡി.വൈ.എസ്.പിമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ജില്ല കലക്‌ടറുടെ മാതാപിതാക്കളും ഭാര്യയും പരേഡ് വീക്ഷിച്ചു. പരേഡിന് ശേഷം കലാപരിപാടികള്‍ നടന്നു.