കാസർകോട്: ശിവപ്പ നായ്‌ക് മുതല്‍ മൈസൂർ രാജാവായിരുന്ന ഹൈദരാലിയും ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനിയും കൈവശം വച്ചിരുന്ന കോട്ട. രാജാധികാര കാലം മുതല്‍ ബ്രിട്ടീഷ് അധിനിവേശം വരെ നീണ്ട പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കാസർകോട്ടെ ചന്ദ്രഗിരി കോട്ടയാണിത്. 17-ാം നൂറ്റാണ്ടില്‍ ശിവപ്പ നായ്‌ക് ആണ് കോട്ട പണികഴിപ്പിച്ചത്.
സംസ്ഥാന പുരാവസ്‌തുവകുപ്പിന് കീഴിൽ സംരക്ഷിത സ്‌മാരകമാണെങ്കിലും ചരിത്രമുറങ്ങുന്ന ഈ കോട്ട ഇന്ന് നാശോന്മുഖമാണ്. ചെറുതാണെങ്കിലും ചന്ദ്രഗിരിപ്പുഴ അറബിക്കടലിനോടു ചേരുന്ന സുന്ദര ദൃശ്യത്തിന് അടക്കം ചന്ദ്രഗിരി കോട്ട എന്നും സാക്ഷിയാണ്.
മുഖം മിനുക്കിയെങ്കിലും: രണ്ടു വർഷം മുമ്പ് ലക്ഷങ്ങൾ ചെലവാക്കിയാണ് കോട്ട നവീകരിച്ചത്. സഞ്ചാരികൾ എത്താതായതോടെ കോട്ടയുടെ അനുബന്ധ കെട്ടിടങ്ങൾ കാടുപിടിച്ചു. സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പദ്ധതികൾ സർക്കാർ ആലോചിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല.
കാസര്‍കോട് നിന്നും 15 മിനിറ്റ് സഞ്ചരിച്ചാല്‍ ചന്ദ്രഗിരി കോട്ടയിലെത്താം. തുളുനാടിനെയും മലയാളം സംസാരിക്കുന്ന ദേശങ്ങളെയും വേർതിരിച്ചാണ് ചന്ദ്രഗിരിപുഴ ഒഴുകുന്നത്. ചന്ദ്രഗിരി എന്ന സ്വതന്ത്രരാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രമായിരുന്നു ഈ ചെങ്കൽകോട്ട എന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്.
അറബിക്കടലിലേക്ക് മുഖമായുള്ള കോട്ടയ്ക്ക് 150 അടി ഉയരമുണ്ട്. അർധവൃത്തത്തിലുള്ള എടുപ്പുകൾക്കും ചതുരത്തിലുള്ള മതിലുകൾക്കും മുകളിലൂടെ വിശാലമായ ഭൂഭാഗം സഞ്ചാരികൾക്കു കാണാം. ചന്ദ്രഗിരിപ്പുഴ അഴിമുഖം തേടുന്നതും ചെറുവഞ്ചികൾ കടലില്‍ ഓളമിടുന്നതും കോട്ടമുകളിൽ നിന്നുള്ള മനോഹര കാഴ്‌ചകളാണ്.
ഇതാണ് കോട്ട: കടലിലേക്കു കണ്ണുവയ്ക്കാവുന്ന ചെറുകുന്നിലാണ് കോട്ട. അന്നു കാലത്ത് ഗതാഗതം നടന്നിട്ടുണ്ടാകുമായിരുന്ന പുഴയെയും കാഴ്‌ചവട്ടത്തിലൊതുക്കും ഈ ചതുരക്കോട്ട. വലിയ ചെങ്കൽപ്പാളികൾ കൊണ്ടാണ് ഭിത്തി നിർമിച്ചിരിക്കുന്നത്.
ചെറിയ ചതുരപ്പാത കോട്ടയുടെ ഉള്ളിലേക്കു നയിക്കുന്നു. ചതുരത്തിലുള്ള ഭിത്തികളിലൂടെ നടക്കാം. അർധവൃത്താകൃതിയിലുള്ള എടുപ്പുകളിൽ നിന്നാൽ സൂര്യാസ്‌തമയം കാണാം.
ഏകദേശം ഏഴ് ഏക്കർ വിസ്‌തൃതിയുണ്ട് കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് എന്ന് അനൗദ്യോഗികരേഖകൾ. ചന്ദ്രഗിരിപ്പുഴയുടെ ഏറ്റവും മനോഹരമായ സായാഹ്നക്കാഴ്‌ച കോട്ടയിലെ മാത്രം പ്രത്യേകതയാണ്. കേളടി നായക രാജവംശത്തിലെ ശിവപ്പ നായക് നിർമിച്ച കോട്ട ഹൈദരാലിയുടെയും ബ്രിട്ടീഷുകാരുടെയും കൈകളിലൂടെ കടന്നാണ് ഇന്നത്തെ അവസ്ഥയിലെത്തുന്നത്.
ബേക്കൽ കോട്ടയുടെ വിസ്‌തൃതിയോ എടുപ്പോ ഇല്ലെങ്കിലും ചന്ദ്രഗിരി കോട്ട സഞ്ചാരികളെ എന്നും ആകർഷിച്ചിരുന്നു. എന്നാല്‍, ഈയടുത്ത കാലത്ത് അധികൃതരില്‍ നിന്നുണ്ടായ അവഗണന കോട്ടയെ നാശോന്മുഖമാക്കുകയാണ്.
സംരക്ഷണമില്ലാത്ത ചരിത്ര സ്‌മാരകങ്ങള്‍: വിവിധങ്ങളായ ചരിത്ര സ്‌മാരകങ്ങളാണ് സംരക്ഷണമില്ലാതെ ഇപ്പോള്‍ നാശത്തിന്‍റെ വഴി വക്കില്‍ എത്തി നില്‍ക്കുന്നത്. അവയിലൊന്നാണ് ചരിത്രവും ഐതിഹ്യവും ഇഴപിരിഞ്ഞു കിടക്കുന്ന സുന്ദര കാവ്യമായ ശിലയില്‍ തീര്‍ത്ത കാമ്പിത്താന്‍ മണ്ഡപം. മണ്ഡപം തീര്‍ത്തിരിക്കുന്ന ശിലാ പാളികള്‍ നിറയെ അപൂര്‍വങ്ങളായ കൊത്തുപണികളാണ്. കല്ലടയാറിന്‍റെ തീരത്ത് നൂറ്റാണ്ടുകളുടെ പെരുമയും പേറി നില്‍ക്കുന്ന കാമ്പിത്താന്‍ മണ്ഡപം സംരക്ഷണമില്ലാതെ നശിക്കുന്നു എന്നത് തികച്ചും നിരാശാജനകമാണ്.
പത്തനംതിട്ടയിലെ അടൂരില്‍ മണ്ണടി പഴയകാവ് ദേവി ക്ഷേത്രത്തിന് സമീപമാണ് മണ്ണാടി കാമ്പിത്താന്‍ സ്‌മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നത്. അത്ഭുത സിദ്ധികളുള്ള കാമ്പിത്താന്‍ മണ്ണാടി ദേവിയുടെ പ്രതിപുരുഷനായിരുന്നു എന്നാണ് വിശ്വാസം. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധം ശക്തമാക്കാന്‍ കാമ്പിത്താനില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കാനാണ് ധീര ദേശാഭിമാനി ദളവ മണ്ണടിയില്‍ എത്തിയത് എന്നത് ചരിത്രവും. മണ്ണടി വേലുതമ്പി സ്‌മാരകം കാണാനെത്തുന്നവര്‍, ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന കാമ്പിത്താന്‍ മണ്ഡപവും സന്ദര്‍ശിച്ചാകും മടങ്ങുക.