കാസർകോട്: തെരഞ്ഞെടുപ്പിൽ പ്രവചനങ്ങൾക്ക് അതീതമായ ജയം ഇടതുമുന്നണി നേടുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇടതുപക്ഷ വൈരാഗ്യത്തിന്‍റെ കൊടുമുടി കയറുകയാണ്. സമൂഹത്തിൽ ഇടതുമുന്നണിക്കുള്ള മേൽക്കൈ യുഡിഎഫ് നേതാക്കളിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. എ.കെ. ആന്‍റണി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കള്‍ക്ക് ഈ അങ്കലാപ്പുണ്ട്. കോൺഗ്രസ്, ബിജെപി നേതൃത്വത്തിനോട് വിധേയത്വം കാണിക്കുകയാണ്. ആന്‍റണി അടക്കമുള്ളവർ നെഹ്‌റൂവിയൻ ആശയങ്ങളെ അടിയറ വെക്കുകയാണ് ചെയ്യുന്നതെന്നും ഈ നില തുടർന്നാൽ കോൺഗ്രസ് നാമാവശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് മുക്ത കേരളമെന്ന ബിജെപി രാഷ്ടീയത്തിന്‍റെ സെയിൽസ് മാനേജരായി മാറിയിരിക്കുകയാണ് എകെ ആന്‍റണി. കോൺഗ്രസിന്‍റെ സഹകരണത്തോടെ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ ജനം പൂട്ടിക്കും. യുഡിഎഫും ബിജെപിയും ശബരിമല വിഷയത്തിൽ വിശ്വാസികളെ രാഷ്ട്രീയ അങ്ങാടിയിലെ വിൽപ്പനച്ചരക്കാക്കി മാറ്റി. ശബരിമല വിധിയിൽ സുപ്രീംകോടതി തീർപ്പ് കൽപ്പിക്കും മുമ്പ് അതിനെതിരെ നടക്കുന്ന നീക്കം പിറക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ജാതകം കുറിക്കലാണെന്നും ബിനോയ് വിശ്വം കാസർകോട് പറഞ്ഞു.