കാസർകോട്:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനഃരാരംഭിക്കുന്നു. ജില്ലാ കൊറോണ കോര്‍കമ്മിറ്റിയുടെതാണ് തീരുമാനം. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കൊവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള പരിശോധനയാണ് നടത്തുക. എന്നാല്‍ അതിര്‍ത്തികളില്‍ ആരെയും തടയില്ല.
ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വരുന്നവര്‍ കൊവിഡ് ജാഗ്രത വെബ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് പരിശോധന സൗകര്യവും ഒരുക്കും. തലപ്പാടി ചെക്ക് പോസ്റ്റില്‍ പൊലീസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന അതിര്‍ത്തിയിലെ 16 റോഡുകളിലേക്കും വ്യാപിപ്പിക്കും. പൊലീസിന് പുറമേ, വനം, അഗ്നിശമന രക്ഷാ സേന എക്സൈസ് തുടങ്ങിയ യൂണീഫോം സേനാംഗങ്ങളെ ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. 24 മണിക്കൂറും പരിശോധനയുണ്ടാകും.
നിലവില്‍ കൊവിഡ് രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളേയും പരിശോധിക്കുന്നുണ്ട്. പ്രതിദിനം 1700 മുതല്‍ രണ്ടായിരത്തോളം പരിശോധനയാണ് നിലവില്‍ നടത്തുന്നത്. ഇത് 3000 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ദന്തഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയമിച്ച് കൊവിഡ് പരിശോധന നടത്താനും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ടാറ്റ കൊവിഡ് ആശുപത്രി തുറന്ന് കൊടുക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുണ്ട്.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പരിചരണത്തിനായി ടാറ്റാ കൊവിഡ് ആശുപത്രി തുറക്കാനുള്ള നടപടി ത്വരിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വെന്‍റിലേറ്റര്‍ സൗകര്യം നല്‍കുന്നുണ്ട്. കൊവിഡ് രോഗികളുടെ ഡയാലിസിസ് ഉടന്‍ ആരംഭിക്കും. സെക്‌ടറല്‍ മജിസട്രേറ്റുമാര്‍ക്ക് ജില്ലാ പൊലീസ് മേധാവി ഓണ്‍ലൈനില്‍ പരിശീലനം നല്‍കുമെന്നും യോഗം തീരുമാനിച്ചു.