കാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കാസർകോട് കുമ്പളയില്‍ തുടക്കമായി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനുമായ ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രവാക്യം ഉയർത്തിയാണ് യാത്ര. ഉദ്ഘാടന പ്രസംഗത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉമ്മൻ ചാണ്ടി നടത്തിയത്. ശബരിമല വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണെന്നും ഈ സർക്കാർ യുവാക്കളോട് നീതി കാട്ടിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന സർക്കാർ വാദം പൊള്ളയാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. കേരളം ഭരിക്കുന്നത് അധോലോക സർക്കാരാണെന്ന് ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കൈപ്പിഴ ചെന്നിത്തലയുടെ യാത്രയിലൂടെ പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത്തവണ യുഡിഎഫ് സെഞ്ച്വറി തികയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്തു ചുളുവിൽ കിട്ടിയ അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയമെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അത് പോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊവിഡ് കാണിച്ചു ഭീഷണിപ്പെടുത്താമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യായ പദ്ധതി പോലെയുള്ളവ പ്രകടന പദ്ധതിയിൽ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കുമ്പളയിൽ പറഞ്ഞു.
കൊവിഡ് കാലമായിട്ടും വൻജനാവലിയാണ് ഐശ്വര്യകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കുമ്പളയിൽ എത്തിയത്. ഐഐസിസി ജനറൽ സെക്രട്ടറി കേരളത്തിലെ സംഘടന ചുമതല വഹിക്കുന്ന താരിഖ് അൻവർ, കർണാടക മുൻ മുഖ്യമന്ത്രി പരമേശ്വര, എൻകെ പ്രേമചന്ദ്രൻ തുടങ്ങിയ ഘടകകക്ഷിനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.