കാസർകോട് : വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യത്തിൽ സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്‌നമില്ലെന്നും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഏത് ഘട്ടത്തിലും ആരുമായും ചർച്ചക്ക് തയാറെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഉദ്ഘടനത്തിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ല. കുറവുകളുണ്ടോയെന്ന് പരിശോധിക്കും. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു (Ahamed Devarkovil On Vizhinjam Port) എന്നും മന്ത്രി പറഞ്ഞു.
പദ്ധതി മത്സ്യതൊഴിലാളികൾക്ക് പ്രയോജനകരം: കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ തലോലിച്ച സ്വപ്‌നമാണ് നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കുന്നത്. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതിയുടെ ഏറ്റവും പ്രയോജനം ലഭിക്കുക മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കാണെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്ക്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്‍റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 5,000 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. 'കടല്‍ക്കൊള്ള' എന്നു വിശേഷിപ്പിച്ചത് ദേശാഭിമാനി. അഴിമതി അന്വേഷിക്കാന്‍ കമ്മിഷനെ വച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായി.
പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ പുനരധി വാസത്തിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപം നല്‍കി പാക്കേജും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. ഇടതു സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സര്‍ക്കാരിനെയും മറക്കാം. പക്ഷേ കേരളം മറക്കില്ല. സിപിഎമ്മിന്‍റെ എല്ലാ കുതന്ത്രങ്ങളെയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമാക്കിയ കെ കരുണാകരന്‍റെ നിശ്ചയ ദാര്‍ഢ്യത്തിന്‍റെ തനിപകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ ചാണ്ടി.
ഉള്ളതു പറയുമ്പോള്‍ തുള്ളല്‍ വന്നിട്ടു കാര്യമില്ല. നിങ്ങള്‍ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കുള്ളതാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ അടുത്തു. ഞായറാഴ്‌ച വൈകിട്ട് കപ്പലിനെ സംസ്ഥാനം ഔദ്യോഗികമായി സ്വീകരിക്കും. സംസ്ഥാനത്തിന്‍റെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ നിറഞ്ഞ സന്തോഷം - വിഡി സതീശന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.