അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ കരിങ്കൽ ക്വാറിയിലും പൊന്നു വിളയിക്കാമെന്ന് തെളിയിക്കുകയാണ് കാസര്‍കോട് എണ്ണപ്പാറ ഏഴാംമൈലിലെ രമേശൻ എന്ന കർഷകൻ. കഠിനാധ്വാനത്തിലൂടെ കരിങ്കൽ ക്വാറി കൃഷിഭൂമിയാക്കിയാണ് രമേശന്‍റെകാർഷികവിപ്ലവം. ക്വാറിയിലെ പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ് ലഭിച്ച രമേശൻ മറ്റു കർഷകർക്ക്കൂടി മാതൃകയാണ്.
കാർഷികരംഗത്ത് പരീക്ഷണങ്ങൾ ഒട്ടനവധി നടക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഈ കൃഷിയിടം.പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്നത് കണ്ട്നല്ല വളക്കൂറുള്ള മണ്ണിലെ കൃഷിയാണെന്ന് തെറ്റിദ്ധരിക്കണ്ട. കരിങ്കൽ ക്വാറി ആയിരുന്ന ഭൂപ്രദേശത്താണ് ഇങ്ങനെ പച്ചപ്പ് നിറഞ്ഞു നിൽക്കുന്നത്. കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം കൃഷി വിളഞ്ഞയിടം. ക്വാറിയിൽ ആവശ്യത്തിന് മണ്ണിട്ടാണ്കൃഷി. എല്ലാം ജൈവരീതിയിൽ ഉള്ള പരിപാലനം. വെള്ളരി, പടവലം, പാവക്ക, ചീര, വെണ്ട തുടങ്ങിയ വിവിധ ഇനങ്ങൾ ഈ കൃഷിയിടത്തിൽ വിളഞ്ഞു നില്‍ക്കുന്നു.
ജൈവകൃഷിയായതിനാൽ പ്രദേശത്തെ കച്ചവടക്കാരും വീട്ടുകാരുമെല്ലാംഇവിടെയെത്തി പച്ചക്കറികൾ വാങ്ങുന്നു. വെള്ളവും സ്ഥലവും ഉണ്ടായിരുന്നിട്ടും ചെറിയൊരു വിളനാശം ഉണ്ടായാൽപോലും വിധിയെ പഴിക്കുന്ന കർഷകർക്കിടയിലാണ് രമേശൻ വേറിട്ടുനിൽക്കുന്നത്. ക്വാറിയിലെ പച്ചക്കറികൃഷി ഇപ്പോൾ പ്രദേശത്തെ മറ്റ്കർഷകർക്കും പ്രചോദനമാകുന്നുണ്ട്. മികച്ച വിളവ് ലഭിക്കുന്നതിനാൽ ഉദ്യോഗസ്ഥരും കർഷകരും അടക്കം നിരവധി പേരാണ് ഇവിടുത്തെ കൃഷിരീതി അറിയുന്നതിനായി ദിവസവും എത്തുന്നത്.