കാസര്‍കോട്: ആഫ്രിക്കയില്‍ നിന്ന് ഒരു സംഘം ആളുകള്‍ ചുള്ളിക്കരയിലെ ക്രിസ്‌ത്യന്‍ ദേവാലയത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് അത്‌ഭുതമായി. ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്ന് 90 പേരാണ് കാസര്‍കോടിന്‍റെ മലയോര ഗ്രാമമായ ചുള്ളിക്കരയില്‍ എത്തിയത്. ഇതില്‍ 87 പേരും സ്‌ത്രീകള്‍ ആയിരുന്നു.
ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന ചുള്ളിക്കര അടിമരുത് സ്വദേശിയായ ഫാ. ടി കെ ജോര്‍ജ് എന്ന ഷാജിയെ കാണാനാണ് സംഘം എത്തിയത്. പലരുടെയും കൈയില്‍ അച്ചനുള്ള സമ്മാനപ്പൊതികളും ഉണ്ടായിരുന്നു. 25 വര്‍ഷമായി ആഫ്രിക്കയിലെ ഡോണ്‍ബോസ്‌കോ സഭയുടെ ചര്‍ച്ചില്‍ ജോലി ചെയ്‌തുവരികയാണ് ഫാ. ജോര്‍ജ്.
ഇവിടുത്തെ നാട്ടുകാരുമായുള്ള വൈദികന്‍റെ ഹൃദയബന്ധമാണ് ആഫ്രിക്കന്‍ സ്വദേശികളെ അദ്ദേഹത്തിന്‍റെ നാടുകാണാന്‍ പ്രേരിപ്പിച്ചത്. ചുള്ളിക്കരയിലെ ഡോണ്‍ബോസ്‌കോ ചര്‍ച്ച് അതിഥികള്‍ക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി. പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫാ. ജോര്‍ജിന്‍റെ പൗരോഹിത്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കൂടി വേണ്ടിയാണ് ആഫ്രിക്കന്‍ സംഘം ചുള്ളിക്കരയില്‍ എത്തിയത്.
മലയാളത്തില്‍ നടന്ന കുര്‍ബാനയിലും ഇവര്‍ പങ്കാളികളായി. മലയോര മേഖലയുടെ തണുപ്പും ഭംഗിയും നുകര്‍ന്ന് ആടിയും പാടിയുമാണ് അതിഥികള്‍ മടങ്ങിയത്.