കാസര്‍കോട് : ആഫ്രിക്കന്‍ ഒച്ചിന്‍റെ പിടിയില്‍ നിന്നും മോചനമില്ലാതെ ബദിയടുക്ക നിവാസികള്‍. മഴക്കാലത്ത് ഒച്ചുകളുടെ ശല്യം വര്‍ധിച്ചതോടെ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. വീടുകള്‍ക്കൊപ്പം കൃഷിയിടങ്ങളിലും ഒച്ച് വില്ലനാവുകയാണ്. അച്ചാറ്റിന് ഫ്യൂളിക്ക എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഭീമന്‍ ഒച്ചുകളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
മഴക്കാലമാണ് ഇവയുടെ പ്രജനന കാലം. ഒരു ഒച്ച് ആയിരത്തിലേറെ മുട്ടകള്‍ ഇടുന്നതാണ് ഇവ പെരുകാന്‍ കാരണമാകുന്നത്. ബദിയടുക്ക ടൗണിനോട് ചേര്‍ന്നുള്ള പ്രദേശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാണ്. വീടുകളുടെ ചുവരുകളിലും മതിലുകളിലും മുറ്റത്തെ ചെടികളിലുമെല്ലാം ഇവയെ കാണാം. ഈര്‍പ്പമുള്ള ഭാഗങ്ങളില്‍ കാണപ്പെടുന്ന ഒച്ചുകള്‍ പതുക്കെ മറ്റിടങ്ങളിലേക്കും എത്തുന്നു. ഇതിന്‍റെ സ്രവവും കാഷ്ടവുമെല്ലാം ത്വക് രോഗങ്ങള്‍ക്കടക്കം കാരണമാകുന്നു.
കൃഷിയിടങ്ങളിലും ഒച്ചുകളുടെ ശല്യം രൂക്ഷമാണ്. തെങ്ങ്, വാഴ തുടങ്ങിയവയുടെ തളിരിലകള്‍ തിന്നു നശിപ്പിക്കുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ മൂന്ന് വര്‍ഷം വരെ തോടിന് പുറത്തിറങ്ങാതിരിക്കാന്‍ ഒച്ചുകള്‍ക്ക് കഴിയുന്നുണ്ട്. ഉപ്പിടുക മാത്രമാണ് ഒച്ചുകളെ തുരത്താനുള്ള ഏക മാര്‍ഗം. രാത്രികാലങ്ങളിലാണ് ഒച്ചുകള്‍ ഏറെയും പുറത്തിറങ്ങുന്നതെന്നതിനാല്‍ ഇവയെ പൂര്‍ണമായും പ്രതിരോധിക്കാനും സാധിക്കുന്നില്ല.