കാസർകോട്: നേരം പുലരും മുമ്പേ കൃഷിയിടത്തേക്കിറങ്ങി കാർഷിക വിജയം തീർക്കുന്ന നെല്ലിക്കുന്ന് സ്വദേശി ശ്രീരാജിനെ പുതുതലമുറ കണ്ടുപഠിക്കണം. ഈ ഇരുപത്തിമൂന്നാം വയസിൽ തന്നെ ശ്രീരാജ് കൈവയ്ക്കാത്ത മേഖലകളില്ല. നെൽകൃഷി, പച്ചക്കറി കൃഷി എന്നുവേണ്ട പശു വളർത്തലിലും മീൻ വളർത്തലിലും തേനീച്ച കൃഷിയിലുമെല്ലാം ശ്രീരാജ് സജീവമാണ്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇളയച്ഛൻ മനോഹരന്‍റെ കൂടെ പാടത്തേക്കിറങ്ങിയതാണ്. പിന്നീടങ്ങോട്ട് കൃഷിയായിരുന്നു ശ്രീരാജിന് എല്ലാം. ഇപ്പോൾ നെല്ലും, വെള്ളരിയും, കക്കിരിയും, വെണ്ടയും, വഴുതനയും, വാഴയും, തണ്ണിമത്തനുമെല്ലാം ശ്രീരാജിന്‍റെ തോട്ടത്തിലുണ്ട്. നേരം പുലരും മുമ്പേ പാടത്തിറങ്ങും. വിളവിന് പകമായതെല്ലാം പറിക്കും. പിന്നെ വെള്ളം നനച്ച് നേരെ തൊഴുത്തിലേക്ക്. കിടാവ് അടക്കം ആറ് പശുക്കളുണ്ട്. അവയെ പറമ്പിലേക്ക് മാറ്റിക്കെട്ടും. രണ്ടെണ്ണം കറവ ഉള്ളതാണ്. പശുവിനെ കറക്കുന്നതും പാൽ ഏരിയയിലെ മിൽമ കേന്ദ്രത്തിൽ എത്തിക്കുന്നതും ശ്രീരാജ് തന്നെ.
മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്നതാണ് അടുത്ത പണി. തേനീച്ച കൃഷിയിലും ശ്രദ്ധ പതിപ്പിക്കുമ്പോഴേക്കും എട്ടുമണി കഴിയും. ഇതൊക്കെ കഴിഞ്ഞ് ഇലക്ട്രീഷ്യൻ ജോലിക്കായി പോകും. ഈ സമയത്ത് കൃഷി ദൗത്യങ്ങൾ ഏറ്റെടുക്കുക ഇളയച്ഛനാണ്. പണി കഴിഞ്ഞ് വൈകിട്ടെത്തിയാൽ വീണ്ടും നേരെ പാടത്തേക്ക്. മകന്‍റെ ഇഷ്‌ടങ്ങൾക്ക് പ്രവാസിയായ അച്ഛൻ ജഗദീഷിന്‍റെയും അമ്മ ശോഭയുടെയും പൂർണ പിന്തുണയുമുണ്ട്.
ഐടിഐ പഠനം പൂർത്തിയാക്കിയ ശ്രീരാജ് യുവജന ക്ഷേമ ബോർഡിന് കീഴിലുള്ള കതിർ കാർഷിക ക്ലബ്ബിന്‍റെ സജീവ പ്രവർത്തകൻ കൂടിയാണ്. ഇനിയും മണ്ണിനെ സ്നേഹിച്ച്, വ്യസ്തമായ വിളകൾ നട്ടു നനച്ചും കൂടുതൽ പശുക്കളെ പരിപാലിച്ചും മുന്നോട്ട് പോകാനാണ് ശ്രീരാജിന്‍റെ തീരുമാനം.
ALSO READ: ശംഖുമുഖം - വിമാനത്താവളം റോഡിന് പുനർജന്മം; നവീകരണം അവസാന ഘട്ടത്തിൽ