കണ്ണൂർ: കൂത്തുപറമ്പിൽ മൻസൂർ മരിക്കാനിടയായ സംഭവം ഇടതുപക്ഷം കൊലക്കത്തി താഴെ വെക്കാൻ തയ്യാറല്ല എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്ലിം യുത്ത് ലീഗ്. ഈ നില തുടർന്നാൽ സംരക്ഷണത്തിന് യൂത്ത് ലീഗിന് തെരുവിലിറങ്ങേണ്ടി വരുമെന്നും ജില്ല നേതൃത്വം വാർത്ത കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. മൻസൂറിൻ്റെ കൊലപാതകത്തിൽ ജില്ല കമ്മറ്റി ശക്തമായി അപലപിച്ചു.
തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ ഉണ്ടായിരിക്കെയാണ് കൊലപാതകം നടന്നതെന്നത് ഏറെ ഗൗരവകരമാണ്. ഇത് വരെയാരും കൊലപാതകത്തെ അപലപിക്കാൻ തയ്യാറാവാത്തത് ഇതിൻ്റെ ഭാഗമാണ്. സംസ്ഥാന ഭരണവും കൂത്തുപറമ്പ് നിയോജക മണ്ഡലവും നഷ്‌ടപ്പെടുമെന്ന സിപിഎമ്മിന്‍റെ ഭീതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നും ഭീകരാന്തരീക്ഷം ഉണ്ടാക്കി ജില്ലയെ വീണ്ടും രക്തക്കളമാക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നത്.
ജില്ലയിൽ സമാധാനം തകർക്കാൻ മൻസൂറിന്‍റെ കൊലപാതകം കാരണമായാൽ മുഖ്യമന്ത്രിയും ഇടതുപക്ഷവും മാത്രമാവും ഉത്തരവാദികളെന്നും യൂത്ത് ലീഗ് പറഞ്ഞു. പ്രവർത്തകരെ സംരക്ഷിക്കാൻ എന്തിനും തയ്യാറാണ്. ക്ഷമ ഒരു പരിധി വരെ മാത്രമാണെന്ന് കൊലപാതകത്തിന് നേതൃത്വവും ഒത്താശയും ചെയ്യുന്നവർ ഓർക്കണമെന്നും യൂത്ത് ലീഗ് വാർത്ത കുറിപ്പിൽ പറയുന്നു.