കണ്ണൂർ: പാനൂർ മുക്കിൽ പീടികയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. മുക്കിൽ പീടിക സ്വദേശി ഷിനോസിനെയാണ് തലശ്ശേരി അസിസ്റ്റൻ്റ് കമ്മിഷണർ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ 14 പേർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.
അക്രമി സംഘം എത്തിയെന്ന് കരുതുന്ന മൂന്ന് ബൈക്കുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ മുക്കിൽ പീടിക സ്വദേശിയായ സിപിഎം പ്രവർത്തകന്‍ ഷിനോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. എസ് പി. വി സുരേഷ്, ചൊക്ലി സി ഐ സുഭാഷ് എസ് പി എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്
എന്നാൽ മൻസൂറിന്‍റെ വിലാപ യാത്രക്കിടെ ആറ് സി പി എം ഓഫിസുകൾ തീയിടുകയും നിരവധി സി പി എം പ്രവർത്തകരുടെ വീടുകൾ അക്രമിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പതിനൊന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷാവസ്ഥ നിലനിൽക്കുന്ന പെരിങ്ങത്തൂർ, കടവത്തൂർ, പുല്ലൂക്കര, കല്ലിക്കണ്ടി തുടങ്ങിയ മേഖലകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി.ജയരാജൻ, സി.പി. ഷൈജൻ, എം.സുരേന്ദ്രൻ, പനോളി വൽസൻ, കെ.പി മോഹനൻ, പി.കെ. പ്രവീൺ, കെ. ഇ കുഞ്ഞബ്‌ദുള്ള, പി. ഹരീന്ദ്രൻ എന്നിവർ സംഘർഷ സ്ഥലം സന്ദർശിച്ചു.
കൂടുതൽ വായനയ്ക്ക്: കണ്ണൂരിൽ പരക്കെ സംഘർഷം; രണ്ട് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു