കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് ജീവനക്കാരെ പ്രദേശവാസികൾ തടഞ്ഞുവെച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. എ.എസ്.പി ആനന്ദിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആദിവാസി സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് മൂന്നര മണിക്കൂറോളം തടഞ്ഞുവെച്ച വനംവകുപ്പ് ജീവനക്കാരെ പ്രതിഷേധക്കാര്‍ മോചിപ്പിച്ചത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും മേഖലയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ വനപാലകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസമാണ് ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക‌് പിന്നാലെ പാഞ്ഞെത്തിയ കാട്ടാന ഓട്ടോ തകർത്തത്. ഓട്ടോഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഫാമിലുണ്ടായിരുന്ന കാട്ടാനകളെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വനത്തിലേക്ക് തുരത്തിയിരുന്നു. ജനവാസ മേഖലയിലുള്ള ആനകളെ തുരത്തുമ്പോള്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ വനപാലകരെ നിയമിക്കുമെന്നുമുള്ള വനം വകുപ്പിന്‍റെ ഉറപ്പിന്‍മേലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.