കണ്ണൂർ: ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വികാസത്തിന്‍റെ ചരിത്രം പറയുന്നതാണ് ചിത്രകല അധ്യാപകനായിരുന്ന പയ്യന്നൂർ വടക്കേടത്ത് പാലക്കീഴിൽ ഇല്ലത്ത് വാസുദേവൻ വാധ്യാൻ നമ്പൂതിരിയുടെ ശേഖരം. നൂറ് വർഷത്തോളം പഴക്കമുള്ള കാമറകളും റേഡിയോകളും ടെലിവിഷൻ സെറ്റുകളും ഗ്രാമഫോണുകളും ടേപ്പ് റെക്കോഡകളും വീഡിയോ പ്ലയറുകളും മൈക്കുകളും ഫോണുകളും മുതൽ കപ്പലിൽ നിന്ന് സന്ദേശമയക്കുന്ന ഉപകരണം വരെയുണ്ട് അറുപതുകാരനായ വാസുദേവൻ മാഷിന്‍റെ ശേഖരത്തിൽ.
ചരിത്രത്തിന്‍റെ ഭാഗമായ പല സംഭവങ്ങൾക്കും സാക്ഷികളായിരുന്നു മാഷിന്‍റെ പക്കലുള്ള പല ഉപകരണങ്ങളും. പതിനഞ്ചാം വയസു മുതൽ വാങ്ങി സൂക്ഷിക്കാൻ തുടങ്ങിയതാണ് ഈ നിധി ശേഖരം. മാഷിന്‍റെ കൈയിലുള്ളതൊക്കെ ഇപ്പോഴും പ്രവർത്തിക്കുന്നവയാണ്.
കൗമാരകാലത്ത് വാൽവ് റേഡിയോ മെക്കാനിക്കായി തൊഴിൽ ജീവിതം തുടങ്ങിയ മാഷിന് ഇലക്ട്രാണിക് റിപ്പയറിങ് ശ്രമകരമേയല്ല. ശേഖരത്തിലുള്ള വർഷങ്ങൾ പഴക്കമുള്ള കാമറ മുതൽ റേഡിയോകളും ക്ലോക്കുകളും വരെ എല്ലാം ഇടയ്ക്കിടെ റിപ്പയർ ചെയ്‌ത് പുതിയതു പോലെയാക്കുന്നു. അക്ഷരാർഥത്തിൽ ജീവനുള്ള ഒരു പുരാവസ്‌തുശേഖരം.
അത്യപൂർവ നാണയങ്ങളുടെ വലിയൊരു ശേഖരവും മാഷിന്‍റെ പക്കലുണ്ട്. ഭാര്യ സുഭദ്രയും മക്കളും മരുമകളുമെല്ലാം ചിത്രകാരനും ശിൽപിയും എല്ലാമായ മാഷിന്‍റെ പ്രവർത്തനങ്ങൾക്ക് കൂട്ടായുണ്ട്.