കണ്ണൂർ/എറണാകുളം: മുട്ടാര്‍ പുഴയില്‍ പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിതാവ് സനു മോഹൻ അറസ്‌റ്റിൽ. കാർവാറിൽ നിന്ന് പുലർച്ചെ 5.30ന് കർണാടക പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാത്രി ഏഴ് മണിയോടെ തലപ്പാടിയിൽ എത്തിക്കും. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിൽ എത്തിക്കും.
കഴിഞ്ഞ മാർച്ച് 22നാണ് മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. തലേദിവസം രാത്രി പിതാവ് സനു മോഹനൊപ്പം പോയ പെണ്‍കുട്ടിയെയും ഇയാളെയും കാണാതാകുകയും അന്വേഷണത്തിനൊടുവിൽ കുട്ടിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഇതിനിടെ സനു മോഹൻ മൂകാംബികയിലെ ഒരു സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കുട്ടിയുടെ ആന്തരികാവയവ പരിശോധനയിൽ ശരീരത്തിൽ നിന്നും ആല്‍ക്കഹോളിന്‍റെ അംശം കണ്ടെത്തിയതായി സൂചന ലഭിച്ചിരുന്നു. കാക്കനാട് റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധന ഫലത്തില്‍ നിന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. ഇതോടെ കുട്ടിയെ, മദ്യമോ ആല്‍ക്കഹോള്‍ കലര്‍ന്ന മറ്റ് പദാർത്ഥങ്ങളോ നല്‍കി ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടതാണോ എന്ന് സംശയം ഉയര്‍ന്നു. മുങ്ങിമരണമാണെന്നാണ് പോസ്‌റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.
കൂടുതൽ വായനക്ക്:-13 കാരിയുടെ ശരീരത്തിൽ ആല്‍ക്കഹോളിന്‍റെ അംശം കണ്ടെത്തിയെന്ന് സൂചന