കണ്ണൂര്‍: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഗവർണർ പല നേതാക്കളെയും മതമേധാവികളെയും ഒക്കെ പോയി കണ്ടിട്ടുണ്ട്. കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിന് എന്നും മുരളീധരൻ ചോദിച്ചു.
ഗവർണർ എന്തുചെയ്‌താലും കുറ്റം. അദ്ദേഹം സർക്കാരിന്‍റെ കണ്ണിലെ കരടാണ്. ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ല, സ്വയം കേസെടുക്കണമെന്നും മുരളീധരൻ പറഞ്ഞു.
ഗവർണറെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്നുവേണം മനസിലാക്കാൻ. ഗവർണർ ബിൽ ഒപ്പിടില്ലെന്ന് എവിടെയും പറഞ്ഞ് താൻ കണ്ടിട്ടില്ല. സിപിഎം പാർട്ടി സെക്രട്ടറിക്കും കുറച്ച് സംയമനമാകാമെന്നും വി മുരളീധരൻ പറഞ്ഞു.