കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ ചെറിയൂർ 1A യിൽ കള്ളവോട്ട് തടയാനായി ഇടപെട്ട യുഡിഎഫ് ബൂത്ത് ഏജന്‍റിനെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് മർദിച്ചതായി പരാതി. കുറ്റിയേരി വില്ലേജിലെ ചെറിയൂർ യുഡിഫ് ബൂത്ത് ഏജന്‍റ് വി കൃഷ്‌ണനാണ് മർദനമേറ്റത്. പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഓപ്പൺ വോട്ടിന് സഹായിയായി എത്തിയ ആൾ, ആൾമാറാട്ടം നടത്തിയത് ചോദ്യം ചെയ്തതാണ് പ്രശ്നമായതെന്ന് കൃഷ്ണൻ ആരോപിക്കുന്നു. വിഷയം പ്രിസൈഡിങ്ങ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചപ്പോഴാണ് താൻ ഇടപെട്ടതെന്നും തുടർന്നാണ് സിപിഎമ്മിന്‍റെ ബൂത്ത് ഏജന്‍റ് തന്നെ മർദിച്ചതെന്നും കൃഷ്ണൻ പറഞ്ഞു.
അതേസമയം തളിപ്പറമ്പ് മണ്ഡലം കുറ്റ്യേരി വില്ലേജിൽ ചെറിയൂർ 1A നമ്പർ ബൂത്തിലെ വോട്ടിങ് താത്ക്കാലികമായി നിർത്തി വെച്ചത് പുനരാരംഭിച്ചു. പുതിയ പ്രിസൈഡിങ് ഓഫിസറെ ബൂത്തിൽ എത്തിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. പ്രിസൈഡിങ് ഓഫിസർക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് താൽക്കാലികമായി നിർത്തി വെച്ചത്.