കണ്ണൂർ: ഇരുതലമൂരിയുമായി രണ്ട് പേർ അറസ്റ്റിൽ. ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശി രമേശ് (29), ചെറുവത്തൂർ അയിറ്റ സ്വദേശി പ്രദീപ് (32) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ദേശീയ പാതയിൽ പെരുമ്പ പാലത്തിന് സമീപത്ത് വച്ച് നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ബാഗിൽ പൂഴി നിറച്ച് അതിലാണ് 120 സെന്‍റിമീറ്റര്‍ നീളം വരുന്ന പാമ്പിനെ ഒളിപ്പിച്ചിരുന്നത്. ചിറ്റൂരിൽ നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഇരുതലമൂരിയെ ചെറുവത്തൂരിൽ ഉള്ള ആൾക്ക് 15 ലക്ഷം രൂപയ്ക്ക് വിൽക്കാനാണ് ഇവർ കേരളത്തിൽ എത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെയും ഇരുതല മൂരിയെയും തളിപ്പറമ്പ് വനം വകുപ്പിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടികൂടിയ ഇരുതല മൂരിയെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.