കണ്ണൂർ: പഴനിയിലെ ലോഡ്‌ജിൽ വച്ച് തലശേരിയിൽ താമസിച്ച് വന്നിരുന്ന തമിഴ് യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്ന വാർത്തയിൽ വഴിത്തിരിവ്. യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയും ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്. ഇതോടെ കേസ് അന്വേഷണത്തിനായി തലശേരിയിലെത്തിയ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്ത നീക്കം ആകാംക്ഷഭരിതമായിരിക്കുകയാണ്.
പരാതിക്കാരിയേയും സുഹൃത്തിനെയും ചോദ്യം ചെയ്‌ത് വിവരങ്ങൾ ശേഖരിച്ച് തലശേരിയിലെത്തിയ പൊലീസ് സംഘത്തിലെ ഒരു വിഭാഗം ചൊവ്വാഴ്‌ച തന്നെ തിരിച്ച് പോയിരുന്നു. എന്നാൽ ഡിണ്ടിഗൽ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സംഘത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥർ തലശേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
വ്യാജ പരാതിയാണെന്ന് ബോധ്യപ്പെട്ടാൽ പരാതിക്കാർ കുറ്റക്കാരായേക്കും. വ്യാജ പരാതിയിൽ പീഡനത്തിനിരയായി എന്ന് ആരോപിക്കുന്ന യുവതിയെ അടക്കം കസ്റ്റഡിയിലെടുക്കാനും പൊലീസ് തയ്യാറാവും.
കൂടുതൽ വായനയ്ക്ക്: കൂട്ടബലാത്സംഗത്തിന് തെളിവില്ല: പഴനി സംഭവത്തിൽ വൻവഴിത്തിരിവ്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പഴനി അടിവാരം പൊലീസ് ഡിണ്ടിഗൽ ഡിഐജി വിജയകുമാരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് കേസിലെ വഴിത്തിരിവുകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയത്.
പരാതിയിൽ പറയുന്ന ലോഡ്‌ജിൽ അമ്മയും മകനും എന്ന പേരിലായിരുന്നു നാൽപ്പത് കാരിയായ പരാതിക്കാരിയും ഇവരുടെ സുഹൃത്തും മുറിയെടുത്തിരുന്നത് എന്നകാര്യമാണ് ആദ്യം പുറത്തുവന്നത്. മുറിയിൽ വച്ച് മദ്യപിച്ച് വഴക്കിട്ട ഇരുവരെയും ലോഡ്‌ജിൽ നിന്ന് ഇറക്കിവിട്ടിരുന്നു എന്ന് ലോഡ്‌ജ് ഉടമ മുത്തുക്കൃഷ്‌ണൻ പൊലീസിന് മൊഴി നൽകിയതോടെ കേസ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തി.
താമസ സൗകര്യം നിഷേധിച്ച ലോഡ്‌ജ് ഉടമയെ യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന്‍റെയും തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന്, മുത്തുക്കൃഷ്‌ണന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പഴനി അടിവാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുമുണ്ട്. കേസിൽ ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.