കണ്ണൂർ: കണ്ണൂർ കാൾടെക്സ് ഗാന്ധി സർക്കിളിലെ ട്രാഫിക് സിഗ്നലിന് ചുറ്റും ദിനംപ്രതി ഗതാഗതക്കുരുക്കാണ്. കന്നുകാലികളുടെ വിളയാട്ടമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ കന്നുകാലികളെ ഇടിക്കാതെ കടന്നു പോകാൻ ഡ്രൈവർമാർ നന്നായി ശ്രദ്ധിക്കണം . .പതിനെട്ടടവും പയറ്റിയാല്‍ മാത്രമേ കന്നുകാലികളെ മറികടന്ന് അപ്പുറത്തെത്താന്‍ പറ്റൂ. ഇത് വഴി ആംബുലൻസുകൾക്കും പെട്ടന്ന് കടന്നുപോകാന്‍ പറ്റില്ല.ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസിനും ബുദ്ധിമുട്ടാണ്.
കണ്ണൂർ നഗരത്തിലെ കന്നുകാലി പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഉടമസ്ഥരുള്ള പശുക്കളും തെരുവുകളിൽ കഴിയുന്ന പശുക്കളും സമാനമായ രീതിയിലാണ് ഇവിടെ വളരുന്നത്. കറവ സമയങ്ങളിൽ കൃത്യമായി ഉടമസ്ഥന്‍റെ വീടുകളിൽ പശുക്കളെത്തും.
അത് കഴിഞ്ഞാൽ ഈ നാൽക്കാലികളെ റോഡിലേക്ക് അഴിച്ചുവിടുകയാണ് ഉടമസ്ഥർ ചെയ്യുന്നത്. തെരുവിൽ അലയുന്ന നാൽക്കാലികൾക്ക് അന്തിയുറങ്ങാൻ കലക്ട്രേറ്റും പഴയ സ്റ്റാന്റും റെയിൽവെ സ്റ്റേഷനുമാണ് താവളങ്ങൾ. സർക്കാർ സ്ഥാപനങ്ങളിൽ പശുക്കൾ തമ്പടിച്ചിട്ട് പോലും പശുക്കളെ സംരക്ഷിക്കുന്നതിന് ഇതുവരെയും മുനിസിപ്പാലിറ്റി തയ്യാറായിട്ടില്ല