കണ്ണൂർ: വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച സംഘത്തിലെ പ്രതിയെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി ആർ. മുരുകന്‍ (61) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച് കോടികള്‍ സമ്പാദിച്ച സംഘത്തിലെ പ്രതിയാണ് ഇയാൾ. തളിപ്പറമ്പ് ഡിവൈഎസ്‌പി ടി. കെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതോടെ വ്യാജ ദിനേശ് ബീഡി നിർമിച്ച് വിൽപന നടത്തിയ സംഘത്തിലെ അഞ്ച് പ്രതികളും അറസ്റ്റിലായി.
തമിഴ്‌നാട്ടില്‍ നിന്നും ദിനേശിന്റെ ലേബല്‍ പുറത്തിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് മുരുകനാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മുരുകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ് . കന്യാകുമാരിയിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് ഇയാളെ തേടി തളിപ്പറമ്പ് പൊലീസ് തമിഴ്‌നാട്ടിലെത്തി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ശിവകാശിയില്‍ നിന്ന് പ്രതിയെ പിടികൂടുന്നത്.
പൊലീസ് നേരത്തെ തന്നെ ഇയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയായ രാമന്തളി സ്വദേശി രാജീവന്‍ (51), താമരശ്ശേരി സ്വദേശി ഒ.പി മുഹമ്മദ് കോയ (60), സംഘത്തിന്റെ പ്രധാന കണ്ണികളായ എരുവാട്ടി സ്വദേശി അലകനാല്‍ ഷാജി ജോസഫ് (38), വ്യാജ ബീഡി എത്തിച്ചു നല്‍കിയിരുന്ന കെ. പ്രവീണ്‍ (43) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.