കണ്ണൂർ : മയ്യിൽ കോറളായി ദ്വീപിലെ ഭവന രഹിതർക്ക് തളിപ്പറമ്പ് സർസയ്യിദ് കോളജ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനം നടന്നു. നിർമ്മാണം പൂർത്തിയാക്കിയ ആദ്യ വീടിന്‍റെ താക്കോൽ ദാനം 32 കേരള ബറ്റാലിയൻ എൻസിസി കമാണ്ടന്‍റ് കേണൽ വൈ വിജയകുമാറും രണ്ടാമത്തെ വീടിന്‍റെ താക്കോൽ ദാനം കണ്ണൂർ സർവ്വകലാശാല വിദ്യാർഥി ക്ഷേമ വകുപ്പ് ചെയർപേഴ്സൺ ഡോ. പ്രിയ വർഗീസും നിർവ്വഹിച്ചു.
ആകെ നാല് വീടുകളാണ് ഇവിടെ കോളജിന്‍റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്നത്. തീർത്തും നിർധനരായ നാല് കുടുംബങ്ങൾക്കായി നിർമ്മിച്ച് നൽകുന്ന വീടുകളിൽ ആദ്യ രണ്ടു വീടുകളുടെ താക്കോൽ ദാനമാണ് ശനിയാഴ്ച നടന്നത്. ജനുവരി മാസത്തിലാണ് നിർമ്മാണം തുടങ്ങിയത്. ലോക്ക് ഡൗൺ കാരണം നിർമാണം തടസപ്പെട്ടതിനാൽ മറ്റ് രണ്ട് വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. തളിപ്പറമ്പ് സർ സയ്യിദ് കോളജ് എൻസിസി -എൻഎസ്എസ് യൂണിറ്റുകൾ, അലുമ്നി അസോസിയേഷൻ, വിദ്യാർഥി യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മയ്യിൽ കോറളായി ദ്വീപിലെ ഭവന രഹിതരായ നാല് കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകിയത്.
കോളജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് അഷ്റഫ് വാഴപ്പുള്ളി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം മുഖ്യാതിഥിയായി. ഇലക്ട്രിക്കൽ വയർമെൻ അസോസിയേഷനുകളെയും നിർമ്മാണ പ്രവൃത്തിക്ക് മേൽനോട്ടം വഹിച്ച ജുനൈസ് കോറളായിയെയും ഉപഹാരം നൽകി ആദരിച്ചു.