കണ്ണൂർ: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തടിച്ചു കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തയ്യിൽ കടപ്പുറത്തെ ജനക്കൂട്ടം ശരണ്യക്ക് നേരെ കൂക്കിവിളികളും തെറിവിളികളും നടത്തി.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കുറ്റം ഏറ്റുപറഞ്ഞ ശരണ്യയെ രാവിലെ 9.45ഓടെയാണ് തയ്യിൽ കടപ്പുറത്ത് എത്തിച്ചത്. വീട്ടിൽ നിന്ന് കുഞ്ഞുമായി നടന്നു വന്ന വഴി തൊട്ട് കടൽ ഭിത്തിയിൽ മകനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞതു വരെയുള്ള ഓരോ നീക്കവും ശരണ്യ വിവരിച്ചു. വീടിനകത്തെത്തി കുഞ്ഞിന് പാല്‍ കൊടുത്ത ബോട്ടിലും കാണിച്ചു കൊടുത്തു. അതിനിടെ മാതാപിതാക്കളെ കണ്ട ശരണ്യ വിതുമ്പി. ജനങ്ങളുടെ പ്രതിഷേധത്തിനിടെ ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ശരണ്യയെ തെറിവിളിച്ച സ്ത്രീകൾ പ്രതിയെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അരമണിക്കൂർ കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ വീണ്ടും സിറ്റി സ്റ്റേഷനിൽ എത്തിച്ചു. വൈദ്യ പരിശോധനക്ക് ശേഷം ശരണ്യയെ കോടതിയിൽ ഹാജരാക്കും. തെളിവുകളെല്ലാം ശക്തമാണെന്നും കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും സിറ്റി സിഐ പി.ആര്‍ സതീഷ് പറഞ്ഞു.