കണ്ണൂര്‍: തളിപ്പറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകർ മർദിച്ചതിനെ തുടർന്ന് സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ ബസ് സമരം പിൻവലിച്ചു. സംഭവത്തില്‍ മൂന്ന് എസ്.ഡി.പി.ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന അമ്പത് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കർശന നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ബസ് പണിമുടക്ക് പിൻവലിച്ചത്. എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ഒരു സ്വകാര്യ ബസിന് സൈഡ് നല്‍കാത്തതാണ് പ്രശ്‌നത്തിനു തുടക്കം.ബസിലെ ജീവനക്കാരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആരോപിച്ച് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു. ഇതോടെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നിര്‍ത്തി ബസ് സ്റ്റാന്‍ഡിലെത്തി. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു.