കണ്ണൂര്‍: തലശേരി വാധ്യാര്‍ പീടികയിലെ ശരണ്യ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. കതിരൂർ കോട്ടയംപൊയിൽ സ്വദേശി വിബീഷിനെയാണ് തലശേരി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു തലശേരി വാധ്യാർ പീടികയിലെ നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയത്. ഉടമ ഷട്ടർ താഴ്ത്തി പുറത്തുപോയ സമയത്തായിരുന്നു മോഷണം. പരാതി നൽകിയ ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിരവധി കേസുകളിലെ പ്രതിയായ വിബീഷിനെ പൊലീസ് തിരിച്ചറിഞ്ഞു. തലശേരി സിഐ സനൽകുമാറിന്‍റെയും എസ്‌ഐ ബിനു മോഹന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.