കണ്ണൂർ: തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞു തിരിയുന്നവർക്കായി ഒരുക്കിയ സത്രത്തിൽ ഇതുവരെ ഒരാളെ പോലും പ്രവേശിപ്പിച്ചിട്ടില്ലെന്ന വാർത്തയിൽ നഗരസഭ നടപടികൾ ആരംഭിച്ചു. ടിടികെ ദേവസ്വത്തിന്‍റെ കീഴിലുള്ള സത്രം ലോക്ക്ഡൗണിനെ തുടർന്ന് രണ്ടാഴ്‌ച മുമ്പാണ് നഗരസഭയുടെ നേതൃത്വത്തിൽ തുറന്നത്.
ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ നിരവധി വയോജങ്ങളാണ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളുമായി ഭക്ഷണവും മറ്റുസൗകര്യങ്ങളും ഇല്ലാതെ വലയുന്നത്. ഇതു പരിഹരിക്കാനാണ് നഗരസഭ ദേവസ്വത്തിന്‍റെ കീഴിലുള്ള സത്രം ഏറ്റെടുത്തത്. എന്നാൽ സത്രം തുറന്നതല്ലാതെ ഇവിടേക്ക് അന്തേവാസികളെ എത്തിക്കാനുള്ള യാതൊരു നടപടിയും നഗരസഭ ചെയ്‌തിരുന്നില്ല.
Read More:വയോജനങ്ങള്‍ക്ക് ഉള്‍പ്പെടെ ഒരുക്കിയ സത്രം നോക്കുകുത്തിയാകുന്നതായി പരാതി
നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ വാർത്തകൾ വന്നതോടെ അധികാരികൾ നഗരത്തിൽ അനാഥരായി കഴിഞ്ഞിരുന്നവരെ സത്രത്തിലേക്ക് മാറ്റാൻ നടപടികൾ തുടങ്ങുകയായിരുന്നു. ഇതുവരെ രണ്ടുപേരെ ആംബുലൻസിൽ സത്രത്തിലേക്ക് മാറ്റി. അവർക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും സത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഇനിയും നിരവധി പേർ നഗര പരിസരങ്ങളിൽ കഴിയുന്നുണ്ട്. അവരെയും സത്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.