കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ സഹായിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. 5.5 കോടി വിലവരുന്ന 15 കിലോ സ്വർണം കടത്താൻ സഹായിച്ച ഉത്തരേന്ത്യക്കാരായ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്‌ടര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ, കൃഷൻകുമാർ, ഛത്തീസ്ഗഡ് സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടർ രാഹുൽ പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് ഇവരിലേക്ക് അന്വേഷണം നീണ്ടത്.
രാഹുൽ പണ്ഡിറ്റുമായുള്ള ഇവരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഓഫീസിലേക്ക് മൂന്ന് പേരെയും വിളിച്ച് വരുത്തുകയായിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) കൊച്ചി യൂണിറ്റ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മൈക്രോവേവ് ഓവൻ, മീറ്റ് കട്ടിങ് മെഷീൻ തുടങ്ങിയവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം എത്തിച്ചത്. രാഹുൽ പണ്ഡിറ്റിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സ്വർണ്ണക്കടത്തിന് പിന്നിലെ കസ്റ്റംസ് ബന്ധം പുറത്ത് വന്നത്.
കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസില്‍ ഒരേ ബാച്ചിൽ ജോലി ചെയ്യുന്ന മൂവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇവരുടെ ഡ്യൂട്ടി സമയത്ത് എത്തുന്ന സ്വർണക്കടത്തുകാരുടെ ബാഗേജിന്റെ നിറവും മറ്റ് അടയാളങ്ങളും കടത്തുകാരുടെ ഫോട്ടോയും അടക്കം നൽകിയാണ് പരിശോധന ഒഴിവാക്കി സ്വർണ്ണം പുറത്തെത്തിക്കുന്നത്. ഒരു തവണ സ്വർണ്ണം കടത്തുന്നതിന് സഹായിച്ചാൽ ഇവർക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ഏതൊക്കെ കള്ളക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട് എന്നതും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അന്വേഷിച്ച് വരികയാണ്.