കണ്ണൂർ: തളിപ്പറമ്പ് ബസ് സ്‌റ്റാൻഡിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ട പണവും രേഖകളും ഉടമസ്ഥന് തിരികെ ലഭിച്ചു. കടയുടമയുടെ ഇടപെടലിലൂടെയാണ് ഇവ തിരിച്ചു കിട്ടിയിത്. യുവതിയുടെ പേഴ്‌സ് മോഷ്ടിച്ച ആളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കടയുടമ ആൽഫി കയ്യോടെ പിടികൂടുകയായിരുന്നു.
ജനുവരി ഒന്നിന് തളിപ്പറമ്പ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെൽട്ടറിലായിരുന്നു സംഭവം. ബസ് കാത്തിരിക്കുകയായിരുന്ന യുവതി ഫോൺ വന്നതിനാൽ എഴുന്നേറ്റ് പോകുന്നതിനിടയിലാണ് പേഴ്‌സ് താഴെ വീഴുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട മോഷ്ടാവ് താഴെ വീണ പേഴ്‌സ് കൈക്കലാക്കി സ്ഥലംവിടുകയായിരുന്നു. പേഴ്‌സ് നഷ്ടപ്പെട്ട യുവതി അടുത്തുള്ള കടയുടമയായ ആൽഫിയുടെ സഹായത്തോടെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു.
യുവതിയുടെ പേഴ്‌സിൽ നിന്നും നഷ്ടപ്പെട്ട 6000ത്തോളം രൂപ ഇയാളുടെ കയ്യിൽ നിന്നും കണ്ടെടുത്തു. ഇവരുടെ ഐഡി കാർഡ് അടക്കം നിരവധി രേഖകൾ മോഷ്ടാവ് കോർട്ട് റോഡിനടുത്ത് കാട്ടിൽ ഉപേക്ഷിച്ചതായി കണ്ടെത്തി. പൊലീസിന്‍റെ സാന്നിധ്യത്തിൽ അത് തിരിച്ചേൽപ്പിക്കുകയും ചെയ്തതായി കടയുടമ പറഞ്ഞു. ആൽഫിയുടെ ഇടപെടലാണ് മോഷ്ടാവിനെ കണ്ടെത്താനും യുവതിയുടെ പണം അടക്കമുള്ള രേഖകൾ കണ്ടെത്തി തിരിച്ചേൽപ്പിക്കാനും സഹായകരമായത്. തളിപ്പറമ്പ പൊലീസ് സ്റ്റേഷനിൽ എത്തിച്ച മോഷ്ടാവിനെ യുവതിക്ക് പരാതി ഇല്ലെന്നതിന്‍റെ അടിസ്ഥാനത്തിൽ താക്കീത് നൽകി വിട്ടയച്ചു.