കണ്ണൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ഒന്നടങ്കം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു കണ്ണൂർ ജില്ലയിലെ അഴീക്കോട്. എംവി നികേഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് രംഗപ്രവേശവും കെഎം ഷാജിയുടെ പോരാട്ട വീര്യമായിരുന്നു മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. ഇത്തവണയും അഴീക്കോട് ശ്രദ്ധ കേന്ദ്രമാണ്. കെഎം ഷാജി മൂന്നാം തവണയും അഴീക്കോട് തന്നെ മത്സരിക്കുമോ എന്നതാണ് ചർച്ചാ വിഷയം. അതിനിടെ, അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി പ്രത്യേക കൺവൻഷൻ വിളിച്ച് ചേർത്തതോടെ മത്സര രംഗത്ത് ഉണ്ടാകുമെന്ന സൂചന ശക്തമാകുകയാണ്. തീരുമാനങ്ങളെല്ലാം പാർട്ടിക്ക് വിട്ട ഷാജി യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനുള്ള തുടക്കം കുറിക്കലാണ് കൺവെൻഷൻ എന്ന് വ്യക്തമാക്കി.
എതിർ സ്ഥാനാർഥിയായി നികേഷ് കുമാർ വന്നാലും പി ജയരാജൻ വന്നാലും യുഡിഎഫിന് വിജയം എളുപ്പമാകുമെന്ന് ഷാജി പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം എന്ത് ചെയ്താലും അതിനെ നേരിടുമെന്നും ഷാജി വ്യക്തമാക്കി. നേരിയ ഭൂരിപക്ഷത്തിൽ 2011 ൽ എൽഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കുകയും 2016 ൽ നിലനിർത്തുകയും ചെയ്ത ഷാജിക്ക് മൂന്നാം തവണ ഇറങ്ങുമ്പോൾ വിലങ്ങുതടിയാകുന്നത് അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസും വിജിലൻസ് അന്വേഷണം തുടരുന്നതുമാണ്.
അറസ്റ്റുണ്ടാകുമെന്ന സൂചനകൾ കൂടി വന്നതോടെ മണ്ഡലം വെച്ച് മാറാനുള്ള നീക്കവും അഴീക്കോട് എംഎൽഎ നടത്തിയിരുന്നു. കണ്ണൂർ മണ്ഡലവുമായി അഴീക്കോട് വെച്ച് മാറാനുള്ള ശ്രമമാണ് ഷാജി നടത്തിയത്. എന്നാൽ ഇതിന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി ശക്തമായി എതിർത്തു. കാസർകോട്ടെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കാനുള്ള ഷാജിയുടെ നീക്കവും ഇതിനിടെ പാളി. അഴീക്കോടല്ലാതെ മറ്റ് സാധ്യതകൾ ഇല്ലെന്ന് വന്നതോടെയാണ് രണ്ടും കൽപ്പിച്ച് മൂന്നാം തവണയും മത്സര രംഗത്തേക്ക് ഇറങ്ങാൻ ഷാജി തയ്യാറെടുക്കുന്നത്. അതിനിടെ 'ഒരിക്കൽ കൂടി കെഎം ഷാജി' എന്ന പോസ്റ്ററുകളും മണ്ഡലത്തിൽ ഉയർന്നിരുന്നു. ഷാജിക്ക് മാത്രമേ അഴീക്കോട് വിജയസാധ്യതയുള്ളൂ എന്നാണ് കോൺഗ്രസിന്‍റെയും ലീഗിന്‍റെയും പ്രാദേശിക നേതൃത്വം യുഡിഎഫ് നേതാക്കളെ അറിയിച്ചത്.
ലീഗിൽ എംകെ മുനീറിനൊപ്പം ശക്തമായി രംഗത്തുള്ള ഈ വയനാട്ടുകാരനെ മറ്റേതെങ്കിലും സീറ്റിലേക്ക് പറിച്ച് നടാനോ കേസിൽ പെട്ട എംഎൽഎമാരെ വീണ്ടും രംഗത്തിറക്കേണ്ട എന്ന പൊതുതീരുമാനം പാർട്ടി കൈകൊണ്ടാലോ വീണ്ടും ചർച്ചയാകുക അഴീക്കോട് തന്നെയായിരിക്കും.