കണ്ണൂർ: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മറ്റിയിൽ പരസ്യ ശാസനയും താക്കീതും. തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെയാണ് പാർട്ടി നേതൃത്വം നടപടിയെടുത്തത്. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ, മുൻ ലോക്കൽ സെക്രട്ടറി എം സന്തോഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ വി പി സന്തോഷ്, കെ എം ലത്തീഫ്, ടൗൺ ബ്രാഞ്ച് സെക്രട്ടറി ടി ആർ ശിവൻ എന്നിവർക്കെതിരെയാണ് നടപടി.
പാർട്ടി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് നടപടിക്ക് കാരണമായത്. സിപിഎം നിയന്ത്രണത്തിലുള്ള ജീവ കലാകേന്ദ്രം, കൈരളി ഹോട്ടൽ, സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് നിർമ്മാണം എന്നിവയുടെ നിർമ്മാണ പ്രവൃത്തിയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. ജീവ കലാകേന്ദ്രം നടത്തിയ ചിട്ടിയുടെയും കണക്കുകൾ പരിശോധിച്ചപ്പോൾ ഇവയിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം കൃഷ്ണൻ, ഐ വി നാരായണൻ എന്നിവരാണ് കണക്കുകൾ പരിശോധിച്ച് പാർട്ടിക്ക് റിപ്പോർട്ട് ചെയ്‌തത്. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും റിപ്പോർട്ട് ചർച്ച ചെയ്‌ത ശേഷം ഏരിയ കമ്മിറ്റിയിലാണ് പരസ്യ ശാസനയും താക്കീതും നൽകാൻ തീരുമാനിച്ചത്. തിങ്കളാഴ്‌ച ഏരിയ കമ്മിറ്റി നേരിട്ട് വിളിച്ച് ചേർത്ത ടൗൺ ബ്രാഞ്ച് യോഗത്തിൽ സി എം കൃഷ്‌ണനും ലോക്കൽ കമ്മറ്റിയിലും, ലോക്കൽ ജനറൽ ബോഡിയിലും ജില്ല സെക്രട്ടറി എം വി ജയരാജനുമാണ് പാർട്ടി നടപടി വിശദീകരിച്ചത്.
യോഗത്തിൽ നടപടി അംഗീകരിച്ചു. ഒരു വിധത്തിലുള്ള ചിട്ടിയും നടത്തരുതെന്നും പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ എത്ര രൂപയുടെ ക്രമക്കേടാണ് ഇവർ നടത്തിയതെന്ന് പാർട്ടി ഇതുവരെയും വ്യക്തമാക്കിട്ടില്ല.