കണ്ണൂര്‍: 'സ്ത്രിയായ ഞാനെങ്ങോട്ടു പോവും... തെരുവിലേക്കോ?' എന്ന ചോദ്യം ഭരണകൂടത്തോട് ഉയര്‍ത്തി നിസ്സഹയാവസ്ഥയില്‍ നില്‍ക്കുകയാണ് ഒരു 53 കാരി. കൊടുവള്ളി ദേശീയ പാതയോരത്തെ വാടക മുറിയിൽ ഓരോ നിമിഷവും ഉള്ളുനീറിക്കഴിയുകയാണ് എൻ ഗിരിജ. തലശേരി കൊടുവള്ളി റെയിൽവെ മേൽപ്പാല നിർമാണ പ്രവൃത്തിയ്‌ക്കായി താമസസ്ഥലത്ത് നിന്നും കുടിയൊഴിഞ്ഞു പോകാനാണ് അധികൃതരുടെ അന്ത്യശാസനം.
പോവാൻ മറ്റൊരിടമില്ലാത്തതും കരുത്തേകാന്‍ തുണയില്ലാത്തതും തനിച്ചു ജീവിക്കുന്ന ഗിരിജയെ വിഷമത്തിലാക്കിയിരിക്കുകയാണ്. മേൽപ്പാലത്തിന് വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയിലാണ് വാടക വീടുള്ളത്. അവിവാഹിതയായ ഇവരുടെ അമ്മയും അച്ഛനും നേരത്തെ മരണമടഞ്ഞതാണ്. ഗിരിജയുമായി കൂടപ്പിറപ്പുകൾ ബന്ധം പുലര്‍ത്തുന്നുമില്ല.
എങ്ങോട്ടുപോകുമെന്ന് അധികൃതരോട് ചോദിക്കുമ്പോള്‍ അതൊന്നും തങ്ങളുടെ വിഷയമല്ലെന്നാണ് മറുപടി. വീട്ടു സാധനങ്ങൾ നീക്കം ചെയ്‌ത് കൊണ്ടുപോവാനായി 30,000 രൂപ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം അനുവദിച്ചിട്ടുണ്ട്. ഗിരിജയുടെ വാടക വീട് നിൽക്കുന്ന സ്ഥലത്തിൻ്റെ ഉടമകൾ നഷ്‌ടപരിഹാര സംഖ്യയായ 35 ലക്ഷം ഇതിനകം വാങ്ങിപ്പോയെന്ന സാങ്കേതികത്വമാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് പറയാനുള്ളത്.
അനുകൂല കോടതി വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗിരിജ
ഹോട്ടൽ, മരക്കമ്പനി, പോസ്റ്റ് ഓഫീസ്, രണ്ട് വീടുകള്‍ തുടങ്ങിയവ സമീപത്തുള്ളവ ഇതിനകം നഷ്ടപരിഹാരം വാങ്ങി ഭൂമി വിട്ടു നൽകിയിട്ടുണ്ട്. 2014 ലാണ് മേൽപ്പാലത്തിൻ്റെ പ്രാരംഭ നടപടികൾ തുടങ്ങിയത്. ഗിരിജയെ ഒഴിപ്പിക്കുമ്പോൾ അവർക്ക് പകരം വീടും സ്ഥലവും നൽകണമെന്ന് 2018 ൽ മനുഷ്യാവകാശ കമ്മിഷൻ അംഗം ജസ്റ്റിസ് പി. മോഹൻദാസ് ഉത്തരവിട്ടിരുന്നു. ജില്ല കലക്‌ടർക്കും ഇതേ നിലപാടുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഒന്നും നടന്നില്ല.
സ്ഥലം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി രേഖകൾ പരിശോധിച്ചപ്പോഴാണ് അന്നേ വരെ ആരും അറിയാതിരുന്ന കോഴിക്കോട്ടെ ജന്മികൾ, ഗിരിജ താമസിക്കുന്ന മുറികൾക്കും സ്ഥലത്തിനും അവകാശം പറഞ്ഞ് വന്നത്. പിൻവാതിൽ ഇടപാടിലൂടെ അതുവരെ നാട്ടിൽ കാണാത്ത ജന്മിമാരെക്കൊണ്ട് 40 വർഷത്തെ ഭൂനികുതി ആരോ ഇടപെട്ട് ഒന്നിച്ചടപ്പിച്ചു. ഇതിനായി ചില ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്‌തുവെന്നും ഗിരിജ ആരോപിക്കുന്നു.
ALSO READ: മുല്ലപ്പെരിയാറില്‍ വനം-ജലവിഭവ വകുപ്പുകള്‍ക്ക് വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം
ഏറ്റവും പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം പകരം വീട് നൽകി മാത്രമേ കുടികിടപ്പുകാരെ ഒഴിപ്പിക്കാൻ പാടുള്ളൂവെന്ന് ഗിരിജയ്ക്ക് വേണ്ടി നിയമസഹായം ചെയ്യുന്ന അഡ്വ. പ്രദീപ് കുമാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം നിരത്തി തലശേരി ജില്ല കോടതിയെ സമീപിച്ചിട്ടുണ്ട്. പുനരധിവാസം ഉറപ്പിക്കാതെ കുടിയാനെ നടുറോഡിലേക്ക് ഇറക്കിവിടുന്നുവെന്ന പരാതി ഫയലിൽ സ്വീകരിച്ച കോടതി തുടർ നടപടിക്കായി കേസ് ഡിസംബറിലേക്ക് മാറ്റി. കോടതിയിലാണിപ്പോൾ ഗിരിജയുടെ പ്രതീക്ഷ.