കണ്ണൂർ:ആറളം ഫാമിലെ യുവതി യുവാക്കള്‍ക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനവുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. പദ്ധതിയുടെ ആദ്യഘട്ട ഡ്രൈവിംഗ് പരിശീലനത്തിൻ്റെ ഉദ്ഘാടനം ഇരിട്ടി എ എസ് പി ആര്‍ ആനന്ദ് ഐ പി എസ് നിര്‍വഹിച്ചു. ആറളം ഫാമിലെ തൊഴില്‍ രഹിതരായ യുവതി യുവാക്കളെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി ഡ്രൈവിംഗ് പഠിപ്പിച്ച് ലൈസന്‍സ് നൽകി സ്വയം തൊഴിലിന് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയത്. നൂറോളം പേരെയാണ് ആറളം ഫാം പുനരധിവാസ മേഖലയില്‍ നിന്ന് ഇതിനായി കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ മുപ്പതോളം പേരാണ് പരിശീലനത്തിനിറങ്ങുന്നത്. ഇവര്‍ക്കുള്ള ലേണിംഗ് ടെസ്റ്റ് ഇരിട്ടി ജോയിൻ്റ് ആര്‍ ടി ഓഫീസില്‍ നടന്നു. ലേണിംഗ് ലൈസന്‍സിൻ്റെ വിതരണ ഉദ്ഘാടനവും ഡ്രൈവിംഗ് പരിശീലന ഉദ്ഘാടനവും ഇരിട്ടി എ എസ് പി ആര്‍ ആനന്ദ് ഐ പി എസ് നിര്‍വഹിച്ചു. ഇരിട്ടി ജോയിൻ്റ് ആര്‍ ടി ഒ ഡാനിയേല്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജീവ്, അസിസ്റ്റൻ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജേഷ് ,ആരിഫ്,ആറളം സി ഐ കെ സുധാകരന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.