കണ്ണൂർ: 2015ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആന്തൂർ നഗരസഭയിലെ മുഴുവൻ സീറ്റുകളിലും വിജയിച്ച എൽഡിഎഫ് ചരിത്രം ആവർത്തിക്കുമെന്ന് മുൻ ചെയർപേഴ്‌സൺ പി.കെ ശ്യാമള. 28 സീറ്റും ഇടത് മുന്നണി നേടും. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയും വിവാദങ്ങളും ഇതിനെ ബാധിക്കില്ല. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൽ ആന്തൂരിലെ ജനങ്ങൾ തൃപ്‌തരാണ്. നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ ആത്മവിശ്വാസമുണ്ട്. സംഘടന പ്രവർത്തനത്തിൽ സജീവമായതിനാലും മൂന്ന് തവണ മത്സരിച്ചതുകൊണ്ടും ഇത്തവണ മത്സരിക്കാനില്ലെന്ന് പി.കെ ശ്യാമള പറഞ്ഞു.
ജില്ലയിൽ സ്വതന്ത്രമായ രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ ഇപ്പോഴും സാധിക്കാത്ത പ്രദേശമാണ് ആന്തൂരെന്ന് കെ. സുധാകരൻ എംപി മറുപടി നൽകി. ജനാധിപത്യ രാജ്യത്താണ് ഈ ദുർഗതി. ഭയപ്പാടോടെയാണ് പ്രതിപക്ഷ കക്ഷികൾ അവിടെ കഴിയുന്നത്. എല്ലാം അതിജീവിക്കാൻ കോൺഗ്രസ് ലീഗ് പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. സാജൻ വിഷയത്തിൽ മുതലെടുപ്പ് നടത്തിയത് ആരാണെന്ന് അദ്ദേഹത്തിന്‍റെ ഭാര്യക്കറിയാമെന്നും കുറ്റാരോപിതരെ ഒഴിവാക്കിയുള്ള പൊലീസ് റിപ്പോർട്ട് സത്യസന്ധമല്ലെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുമ്പ് പകുതി സീറ്റിൽ എതിരില്ലാതെ ജയിച്ചാണ് എൽഡിഎഫ് കരുത്തറിയിച്ചത്. ഇത്തവണ ആറിടത്ത് എൽഡിഎഫിന് എതിരാളികളില്ല. അതിനിടയിൽ ഒരു സീറ്റിലെങ്കിലും പ്രതിപക്ഷം ജയിച്ചാൽ അതും വലിയ വാർത്തയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.