2004 മെയ് 19, ഏറമ്പാല കൃഷ്ണന്‍ നായനാര്‍ അഥവാ ഇ.കെ നായനാരുടെ തന്‍മയത്വമാര്‍ന്ന സ്നേഹസാന്നിധ്യം രാഷ്ട്രീയ കേരളത്തില്‍ നിന്ന് അകന്ന ദുഖദിനം. ആ വിയോഗമേല്‍പ്പിച്ച ആഘാതത്താല്‍ ലക്ഷോപലക്ഷം സാധാരണക്കാര്‍ നെഞ്ചിടിഞ്ഞുനിന്നു. ഡല്‍ഹി എയിംസില്‍ നിന്ന് മൃതദേഹം വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു.
സെക്രട്ടറിയേറ്റിലെയും എകെജി സെന്‍ററിലെയും പൊതുദര്‍ശന ശേഷം റോഡുമാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം ജന്‍മനാടായ കണ്ണൂരിലേക്കെത്തിച്ചത്. വഴിനീളെ 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ'യെന്ന ഇടനെഞ്ചുകീറിയുള്ള ദുഖാര്‍ദ്ര മുദ്രാവാക്യം വിളികള്‍.
സംസ്ഥാനം അന്നുവരെയും ഇന്നോളവും കണ്ടിട്ടില്ലാത്തത്രയും ജനസാമാന്യം അലയായ് ഒഴുകിയെത്തി. അതില്‍ ചേര്‍ന്നത് പാര്‍ട്ടി അണികള്‍ മാത്രമായിരുന്നില്ല, സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ ഒരുനോക്കുകാണാന്‍ തെരുവോരങ്ങളിലണഞ്ഞു. എതിര്‍ രാഷ്ട്രീയ ചേരികളിലുള്ളവരെപ്പോലും ആ വിയോഗം ആര്‍ദ്രമാക്കി.
അന്ന് പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുസ്ഥാനീയനായ ഇകെ നായനാരുടെ ഭൗതിക ദേഹം തോളിലേറ്റുവാങ്ങി മുന്‍നിരയില്‍ പിണറായി വിജയനുണ്ടായിരുന്നു. ഇടനെഞ്ചില്‍ അദ്ദേഹവുമൊത്തുള്ള സ്നേഹസ്മരണകളും വിയോഗത്തിന്‍റെ സങ്കടവും ഇരമ്പുമ്പോഴും അസാമാന്യമായ വികാര വായ്‌പോടെ അദ്ദേഹം നായനാരുടെ മൃതദേഹവും ചുമന്ന് നടന്നുനീങ്ങി.
പതിനെട്ടാണ്ടുകള്‍ക്കിപ്പുറം സമാനമായൊരു സങ്കടരംഗത്തിനാണ് പയ്യാമ്പലത്തെ സാഗരതീരം സാക്ഷിയായത്. സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫീസില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള ദൂരമത്രയും വിലാപയാത്രയെ കാല്‍നടയായി നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുമായി പതിറ്റാണ്ടുകള്‍ കോമ്രേഡ്ഷിപ്പിന്‍റെ ആര്‍ദ്രമുഹൂര്‍ത്തങ്ങള്‍ പങ്കിട്ട പിണറായി വിജയന്‍ ആ യാത്രയില്‍ ഉള്ളേറ്റുവാങ്ങിയ ഹൃദയഭാരം ആര്‍ക്ക് അളക്കാനാവും.
പയ്യാമ്പലത്തേക്കെത്തുമ്പോള്‍ കോടിയേരിയുടെ മൃതദേഹം തോളില്‍ വാങ്ങി വലത്ത് പിണറായിയുണ്ടായിരുന്നു. ഇടത്ത് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും. ഉള്ളിലെ വിങ്ങലിന്‍റെ പൊള്ളലിലും അചഞ്ചല സ്ഥൈര്യത്തോടെ അദ്ദേഹം മൃതദേഹവുമേറ്റി നടന്നു. അന്ന് പിണറായി വിജയന്‍ ഇ.കെ നായനാരുടെ മൃതദേഹം തോളിലേറ്റി നടന്നുനീങ്ങിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, ഇന്ന് കോടിയേരിയുടെ ചേതനയറ്റ ശരീരം ചുമലിലേറ്റിയ, അല്ല അദ്ദേഹം പറഞ്ഞപോലെ ഹൃദയത്തിലേറ്റിയ മുഖ്യമന്ത്രി.
പിണറായി വിജയന്‍റെ ജീവിതത്തിലെ വലിയ വിയോഗങ്ങളിലെ അത്യപൂര്‍വ സാമ്യതയായി ആ രംഗം. കാലം സാക്ഷി, ചരിത്രം സാക്ഷി... അപ്പോഴും അവിടെ മുഴങ്ങുന്നുണ്ട്. 'ഇല്ല, ഇല്ല മരിക്കുന്നില്ല, കോടിയേരി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'. എന്നാല്‍ അത്രയും നേരം കാത്തുവച്ച സ്ഥൈര്യം ഉള്‍പ്പൊള്ളലില്‍ ഒടുവില്‍ ഇടറി. അതിന്‍റെ സാക്ഷ്യമായിരുന്നു അനുശോചനയോഗത്തിലെ വാക്കുകള്‍. ഇന്നോളം പിണറായി വിജയനെ ഇടറിയ മുഖത്തോടെ കലങ്ങിയ കണ്ണുകളോടെ ഇത്രമേല്‍ നെഞ്ചിടിച്ചിലോടെ രാഷ്ട്രീയ കേരളം കണ്ടിട്ടില്ല.
ഹൃദയത്തിലാണ് അദ്ദേഹത്തെ ചുമന്നതെന്ന് ഇടറിയ വാക്കുകളോടെ അദ്ദേഹം പറഞ്ഞുവച്ചു. 'വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം , എപ്പോള്‍ അവസാനിപ്പിക്കുമെന്ന് എനിക്കുതന്നെ നിശ്ചയമില്ല, അല്‍പ്പം വഴിവിട്ട രീതിയിലാണ് സംസാരിക്കുന്നത്' - പിണറായി പറഞ്ഞു തുടങ്ങി. പക്ഷേ മുന്‍പില്ലാത്തവിധം അദ്ദേഹം ഒരു പ്രസംഗം മുഴുമിപ്പിക്കാതെ മടങ്ങി. കോടിയേരിയുടെ അസാന്നിധ്യമുണ്ടാക്കുന്ന വിടവും പൂര്‍വാനുഭവങ്ങളും പങ്കുവച്ചുള്ള സംസാരം ഇടയ്ക്കുമുറിഞ്ഞു.
'ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അവസാനിപ്പിക്കുന്നു'വെന്ന് ഇടറിക്കൊണ്ട് ഉള്ളുരുക്കത്തോടെ പറഞ്ഞ് പിണറായി സീറ്റിലേക്ക് മടങ്ങി. സാഗരം സാക്ഷി... സങ്കടച്ചുഴികള്‍ തിളച്ചുനിന്നു പിണറായി മുഖത്ത്. ഇങ്ങനെയൊരു വൈകാരികാനുഭവത്തില്‍ പിണറായിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഉറ്റ സുഹൃത്ത്, സഹോദരന്‍ ഇനിയില്ലെന്നത് അദ്ദേഹത്തെ അത്രമേല്‍ ഉലച്ചിരിക്കുന്നുവെന്ന് വ്യക്തം.
ആ ഹൃദയമെങ്ങനെ വിങ്ങാതിരിക്കും, ആ മനുഷ്യനെങ്ങനെ പിടയാതിരിക്കും, ആ കണ്ണുകളെങ്ങനെ നിറയാതിരിക്കും. എട്ടുമണിക്കൂര്‍ കോടിയേരിക്കരികില്‍ ഉലഞ്ഞിരിപ്പായിരുന്നു ഇന്നലെ. കോടിയേരിയുമൊത്തുനടന്ന സ്നേഹവഴികള്‍, ആര്‍ദ്രനേരങ്ങള്‍ പയ്യാമ്പലത്തെ കടല്‍പോലെ ഇനിയും ഇരമ്പും ആ ഹൃദയത്തില്‍.