കണ്ണൂര്‍ : ആവശ്യമുള്ളത് വാങ്ങാം, എടുത്തു തരാനും പണം വാങ്ങാനും ആളുണ്ടാകില്ല. പണം പെട്ടിയിലിട്ടാല്‍ മതി.അരയ്‌ക്കുതാഴെ ചലനശേഷി നഷ്‌ടപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ആശ്രയമൊരുക്കാന്‍ കണ്ണൂർ ജില്ലയിലെ അഴീക്കോടിനടുത്ത് വൻകുളത്തുവയലില്‍ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് ഒരു കട തുടങ്ങുമ്പോൾ ജനങ്ങളുടെ വിശ്വാസമായിരുന്നു അവരുടെ കൈമുതല്‍. ആ വിശ്വാസം ജനങ്ങൾ കാത്തുസൂക്ഷിച്ചപ്പോൾ കട വൻ വിജയമായി.
പേന, സോപ്പ്, വാഷിങ്ങ് പൗഡർ, ഫിനോയിൽ, സാനിറ്റൈസർ, കുട, ഡിഷ് വാഷ് ബാർ അങ്ങനെ ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ടതെല്ലാം ഇവിടെ കിട്ടും. എല്ലാ ദിവസവും രാവിലെ മുതല്‍ വൈകിട്ടുവരെ കട തുറന്നിട്ടുണ്ടാകും. പണം നല്‍കാതെ കടയില്‍ നിന്നും ഇതുവരെ ആരും തന്നെ സാധനങ്ങള്‍ കൊണ്ടുപോയിട്ടില്ല എന്നുമാത്രമല്ല വിറ്റുപോകുന്ന സാധനത്തേക്കാൾ അധികം പണമാണ് പെട്ടിയില്‍ വീഴുന്നത്.
ചലനശേഷി നഷ്‌ടപ്പെട്ടവര്‍ നിർമിക്കുന്ന ഉത്‌പന്നങ്ങളാണ് ജനശക്തിയുടെ കടയില്‍ വില്‍ക്കുന്നത്. ജനശക്തിയെ കുറിച്ച് കേട്ടറിഞ്ഞ് ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകൾ ഇവിടെ വന്ന് സാധനം വാങ്ങാറുണ്ട്. ഇതിനൊപ്പം ജനശക്തി ആംബുലൻസ് സർവീസും നടത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ആംബുലൻസ് സേവനം സൗജന്യമാണ്. ആദ്യ ശ്രമം വിജയിച്ചതോടെ, കണ്ണൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാനമായ കൂടുതല്‍ കടകള്‍ തുടങ്ങാനാണ് ട്രസ്റ്റിന്‍റെ ആലോചന.