കണ്ണൂർ: പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആന്‍റിജൻ ടെസ്റ്റിന്‍റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിയുമായി അധികൃതർ. സമൂഹ മാധ്യമങ്ങൾ വഴി നടത്തിയ നുണ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
പരിയാരം കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയിൽ നടത്തിയ ആന്‍റിജന്‍ ടെസ്റ്റിൽ 100 ലേറെ പേർക്ക് കൊവിഡ് പോസിറ്റീവ് എന്ന രീതിയിലായിരുന്നു വ്യാജ വാർത്ത പ്രചരിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുൾപ്പടെയാണ് തെറ്റായ വാർത്ത തയ്യാറാക്കി പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് പരാതി നല്‍കിയത്. നേരത്തെ സുരക്ഷ മുൻനിർത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർക്കാകെ ആന്‍റിജന്‍ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. ഈ മാതൃകാ നടപടിയെ പ്രകീർത്തിക്കുന്നതിന് പകരം തെറ്റായി പ്രചരാണം നടത്തിയവരുടെ ഗൂഢലക്ഷ്യം എന്തെന്ന് മനസിലാവുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ആശുപത്രിയില്‍ കൊവിഡ്, കൊവിഡേതര രോഗികളെ ചികിത്സിക്കാൻ പ്രത്യേകം സംവിധാനമുണ്ട്. ഇതിൽ കൊവിഡേതര വിഭാഗത്തിൽ, പോസിറ്റീവായ രോഗി എത്തിയതോടെ ജീവനക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് പരിശോധന നടത്തിയത്. ബുധനാഴ്‌ച ജീവനക്കാരിൽ നടത്തിയ ടെസ്റ്റിൽ ആർക്കും പോസിറ്റീവ് റിസല്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.