കണ്ണൂർ: കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ വാടകവീടിന് പിന്നില്‍ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി പിടിയില്‍. ഖുർഷിദ് ആലം (27 ) ആണ് അറസ്റ്റിലായത്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാസങ്ങളായി ഇയാൾ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പരിശോധനയിൽ 90 കഞ്ചാവ് ചെടികൾ പിടികൂടി. കഞ്ചാവ് ചെടി നട്ടുവളർത്തി മറ്റ് തൊഴിലാളികൾക്ക് ഉൾപ്പെടെ കഞ്ചാവ് വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതി. ജില്ലയിൽ ആദ്യമായാണ് ഇത്രയധികം കഞ്ചാവ് ചെടികൾ പിടികൂടുന്നത്. നാല് മാസത്തിലധികം വളർച്ചയെത്തിയ കഞ്ചാവ് ചെടികൾക്ക് 50 സെന്‍റിമീറ്റർ മുതൽ ഒരു മീറ്ററിലധികം വരെ നീളമുണ്ട്.
പ്രതിയെ കൂത്ത്പറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു. വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.