കണ്ണൂർ: ഇക്കഴിഞ്ഞ ദിവസങ്ങളിലെ ദുരിത പെയ്‌ത്തിൽ കണ്ണൂരിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ വലിയ നാശനഷ്‌ടമാണുണ്ടായത്. ചെറുതും വലുതുമായ 25 ഓളം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 3 പേർക്ക് ജീവൻ നഷ്‌ടമായി. നിരവധി വീടുകൾക്ക് കേടുപാടുപറ്റി.
ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി, എംഎൽഎമാർ തുടങ്ങിയവർ സന്ദര്‍ശിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഉരുൾപൊട്ടലിന് കാരണമായ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കാത്തതാണ് അപകട കാരണമെന്ന് യോഗം വിലയിരുത്തി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകാതെ ക്വാറി തുറക്കാൻ പാടില്ലെന്നും, പരിക്കേറ്റവർക്കും വീട് നഷ്‌ടപ്പെട്ടവർക്കുമുള്ള നഷ്‌ടപരിഹാരവും എത്രയും നൽകുമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. 255 ഏക്കർ കൃഷിഭൂമി കണ്ണൂരിൽ നഷ്‌ടപ്പെട്ടതായും പേരാവൂർ ഉരുൾപൊട്ടലിൽ ശാസ്‌ത്രീയമായ പഠനം വേണമെന്നും സ്ഥലം എംപിയും കെപിസിസി പ്രസിഡൻ്റുമായ കെ.സുധാകരനും വ്യക്തമാക്കി. ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്‌ടപരിഹാരമായി നാല് ലക്ഷം കൈമാറി.
അതേസമയം, പ്രദേശത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. മലയോരത്തെ 50 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. നെടുംപൊയിൽ-മാനന്തവാടി ചുരം റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ ചെറു റോഡുകളും കലുങ്കുകളും തകർന്ന നിലയിലാണ്. വൈദ്യുതി ബന്ധവും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടുമൊരു ദുരന്തം സംഭവിക്കരുതെന്ന പ്രാർഥനയോടെയാണ് ഇവിടെയുള്ളവര്‍ അന്തിയുറങ്ങുന്നത് പോലും.