കണ്ണൂർ: വിവിധ ഭാഷകളിൽ സംഗീതം ആലപിച്ച് വിസ്മയം തീർക്കുകയാണ് കണ്ണൂർ തലശ്ശേരിയിലെ സുചേത സതീഷ്. ദുബായ് ഇന്ത്യൻ ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ സുചേത, ആറ് മണിക്കൂർ തുടർച്ചയായി 112 ഭാഷകളിൽ ഗാനമാലപിച്ച് രണ്ട് ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ജാപ്പനീസ് ഭാഷയിൽ ഗാനമാലപിച്ചു തുടങ്ങിയ സുചേത സതീഷ്, ഇന്ന് 116 ഭാഷകളിൽ ഗാനം ആലപിക്കും. മറുഭാഷകളിലെ കൗതകത്തിനു തുടങ്ങിയ ഗാനാലാപനം, മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനത്തെ തുടർന്ന് തുടരുകയായിരുന്നു.
ദുബായിലെ ഇന്ത്യൻ കോൺസലേറ്റ് ഹാളിൽ 102 ലോകഭാഷകളിൽ പാടിയാണ് സുചേത രണ്ടുവർഷം മുമ്പ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. 26 ഇന്ത്യൻ ഭാഷകളിലും 76 മറ്റ് ഭാഷകളിലും ആണ് ഗാനം ആലപിച്ചത്. ഓണപ്പാട്ട് ആൽബം വിറ്റ് സ്വരൂപിച്ച അഞ്ചുലക്ഷം രൂപ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കഴിഞ്ഞതും, പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിൽ പങ്കെടുത്ത വേദിയിൽ ഗാനം ആലപിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ അപൂർവ നിമിഷമായി കരുതുകയാണ് ഈ കൊച്ചു മിടുക്കി. മൂന്ന് വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന സുചേത ഇനിയും കൂടുതൽ ഭാഷകളിൽ ഗാനം ആലപിക്കാനുള്ള പരിശ്രമത്തിലാണ്. കണ്ണൂരിലെ ഡോ. സതീഷിന്‍റെയും എരഞ്ഞോളിപാലത്തെ സുനിത ആയില്ല്യത്തിന്റെയും മകളാണ് സുചേത.