കണ്ണൂർ: പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. മുഴപ്പിലങ്ങാട് എ.കെ.ജി.റോഡിൽ ഹിദായ മസ്ജിദിന് സമീപം ഷഫ്‌നയുടെ (32) കുഞ്ഞിന്‍റെ മൃതദേഹമാണ് സ്റ്റേഡിയം പള്ളിയിലെത്തിയ ഫോറൻസിക് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ള സ്ഥലത്ത് വച്ച് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്.
പ്രസവവേദനയെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് തലശേരിയിലെ ജോസ്‌ഗിരി ആശുപത്രിയിൽ പ്രവേശിച്ച ഷഫ്‌ന ശനിയാഴ്ച രാവിലെ 10ന് പെൺകുഞ്ഞിന് ജന്മം നൽകി. രക്തസ്രാവത്തെ തുടർന്ന് ഷഫ്നയെ ചാല ബൈപ്പാസ് റോഡിലെ മിംസ് ആശുപത്രിയിലും കുഞ്ഞിന് തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് പറഞ്ഞ് കണ്ണൂർ കൊയിലി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ വൈകിട്ട് മൂന്ന് മണിയോടെ കുഞ്ഞും അഞ്ച് മണിക്ക് അമ്മയും മരണപ്പെട്ടു.
കുഞ്ഞിനെ രാത്രിയോടെ തലശേരി സ്റ്റേഡിയം പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു. ഷഫ്‌നയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ചയാണ് സംസ്കരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മിഷന്‍റെ അന്വേഷണ ഉത്തരവിനെ തുടർന്നാണ് കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്‍റെ നേതൃത്വത്തിൽ പൊലീസും തലശേരി തഹസിൽദാരും സ്ഥലത്തെത്തിയിരുന്നു.