കണ്ണൂർ: വാനര ശല്യത്താൽ വലഞ്ഞിരിക്കുകയാണ് പയ്യന്നൂർ രാമന്തളിക്കാർ. കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കകത്ത് കയറി ഭക്ഷണ സാധനങ്ങൾ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്ന വാനര സംഘങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ കുടിയൊഴിഞ്ഞു പോകേണ്ടി വരുമെന്ന അവസ്ഥയിലാണ് പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ. കുരങ്ങ് ശല്യം കാരണം പലരും കൃഷിയും ഉപേക്ഷിച്ചു.
വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും കുരങ്ങന്മാർ നശിപ്പിച്ച് കളയുന്നു. കൂട്ടത്തോടെയെത്തുന്ന കുരങ്ങൻമാർ ചെറിയ കുട്ടികൾക്കും ഭീഷണിയാണ്. ഏഴിമല നാവിക അക്കാദമി നിർമാണത്തോടെയാണ് കുരങ്ങുകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
നാട്ടുകാർ പണം ശേഖരിച്ച് കൂട് വച്ച് കുരങ്ങന്മാരെ പിടികൂടി നെടുമ്പൊയിൽ വനത്തിൽ വിട്ടിരുന്നു. ഇരുന്നൂറിലധികം കുരങ്ങുകളെ അങ്ങനെ പിടികൂടി വിട്ടു. ജനങ്ങൾക്കു വലിയ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ ഇതും തുടർച്ചയായി ചെയ്യാനാകുന്നില്ല. എന്നാൽ, ഇത് വനംവകുപ്പ് ചെയ്‌താൽ വിജയിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
കുരങ്ങ് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രാമന്തളിയിലെ കർഷക കൂട്ടായ്‌മ രാമന്തളി പഞ്ചായത്ത് പ്രസിഡന്‍റിന് നിവേദനം നൽകിയിട്ടുണ്ട്.