കണ്ണൂർ: രക്താർബുദം പിടിപെട്ട് ഗുരുതരാവസ്ഥയിലുള്ള ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ ബസിന്‍റെ കാരുണ്യ യാത്ര. ആജ്ജനേയ ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. യാത്ര സഹജീവി സ്നേഹത്തിന്‍റെ മകുടോദാഹരണമായി. തലശ്ശേരി വടക്കുമ്പാട് റൂട്ടിലോടുന്ന ആജ്ജനേയ ബസിന്‍റെ കളക്ഷൻ തുക മുഴുവൻ എരഞ്ഞോളി ചോനാടത്തെ സീതാലക്ഷ്മിയിൽ രമിത്തിനുള്ള ചികിത്സാ സഹായ നിധിയിലേക്ക് നൽകി.
ജിവകാരുണ്യ യാത്രയുടെ ആദ്യ ട്രിപ്പിന് തലശ്ശേരി പുതിയ ബസ് സ്‌റ്റാൻഡിൽ നിന്ന് തിങ്കളാഴ്ച രാവിലെ തുടക്കമായി. യാത്ര സിപിഎം. പൊന്ന്യം ലോക്കൽ സെക്രട്ടറി എ.കെ.ഷിജു ഫ്ളാഗ് ഓഫ് ചെയ്തു. ആജ്ജനേയ ബസുടമ മഹത്ത് മോഹനും ചടങ്കിൽ പങ്കെടുത്തു.
ഇപ്പോൾ മലബാർ കാൻസർ സെന്‍ററിൽ ചികിത്സ നേടുന്ന രമിത്തിന്‍റെ ജീവൻ രക്ഷിക്കാൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ക്രിയ അനിവാര്യമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ചുരുങ്ങിയാൽ 30 ലക്ഷം രൂപയെങ്കിലും ചിലവ് വരും. ഇതിനായി നാട്ടിൽ ചികിത്സ സഹായ കമ്മിറ്റി പ്രവർത്തിച്ചു വരികയാണ്.