കണ്ണൂർ: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വഴിത്തിരിവ്. പ്രതിയായ ഷിനോസിന്‍റെ ഫോണിൽ നിന്ന് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതായാണ് സൂചന. വിശദ പരിശോധനയ്‌ക്കായി ഫോൺ സൈബർ സെല്ലിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇസ്‌മയിലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടു സംഘമായാണ് അന്വേഷണം നടത്തുന്നത്. രാവിലെ അന്വേഷണ സംഘം എത്തി നാട്ടുകാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഫോണിലെ വിവരങ്ങൾ ലഭിച്ചതിനു ശേഷം അന്വേഷണം വ്യാപിപ്പിക്കും. നേരത്തെ അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
കൂടുതൽ വായനയ്‌ക്ക്: മൻസൂർ കൊലപാതകം; ഷിനോസിന്‍റെ മൊബൈൽ ഫോണിൽ നിർണായക വിവരങ്ങള്‍
അതേസമയം കൊലപാതകം നടന്നു മൂന്നു ദിവസം ആയിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ അന്വേഷണ സംഘത്തിന് നേരെ യുഡിഎഫ് നേതൃത്വം അടക്കം പ്രതിഷേധം ശക്തമാക്കുകയാണ്. കേസിൽ ആകെ 25 പ്രതികളാണുള്ളത്. ഇതിൽ പതിനൊന്ന് പേർ കൊലപാതകത്തിൽ നേരിട്ടും ബാക്കി പതിനാല് പേർ ഗൂഢാലോചനയിൽ പങ്കെടുത്തവരുമാണെന്നാണ് വിവരം. എന്നാൽ ഡിവൈഎഫ്ഐ നേതാവ് ഷിനോസിനെ മാത്രമാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. പ്രതികൾ എല്ലാം ഒളിവിൽ ആണെന്നും ജില്ല വിട്ടു പോയിട്ടില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കൊലപാതകത്തിൽ പങ്ക് ഉണ്ടോ എന്ന കാര്യവും അന്വേഷിക്കും.
കൂടുതൽ വായനയ്‌ക്ക്: പാനൂര്‍ കൊലപാതകം; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല