തിരുവനന്തപുരം : മാനസിക വെല്ലുവിളി നേരിടുന്ന 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത് വർഷവും മൂന്ന് മാസവും കഠിന തടവും നാൽപ്പതിനായിരം രൂപപിഴയും. മണ്ണന്തലയ്ക്ക് സമീപം ലക്ഷം വീട് കോളനിയിൽ മുരുകൻ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുകനെ(47)യാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. 2018 ഒക്ടോബർ 13നാണ് കേസിനാസ്‌പദമായ സംഭവം. അയല്‍ക്കാരനായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തന്‍റെ വീട്ടിനുള്ളിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. അടുത്ത ദിവസം കുട്ടി ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ വീണ്ടും ബലം പ്രയോഗിച്ച് കുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
Also Read: പീഡനത്തിനിരയായ ബാലികയുടെ കുടുംബത്തെ പ്രദേശവാസികള്‍ ഒറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍
കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പേടിച്ച് വീട്ടുകാരോട് പറഞ്ഞില്ല. പ്രതി വീണ്ടും പീഡിപ്പിക്കാൻ വിളിച്ചപ്പോൾ കുട്ടി അമ്മയോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് അമ്മ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. ആർ.എസ് വിജയ് മോഹനായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. കുട്ടിക്ക് പിഴത്തുകയും സർക്കാരിന്‍റെ ഭാഗത്തുനിന്ന് നഷ്ട പരിഹാരവും നൽകണമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
സംഭവത്തോടെ കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം മനസിലാക്കേണ്ടത് കോടതിയുടെ ചുമതലയാണ്. അതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്‌ജി നിരീക്ഷിച്ചു. മണ്ണന്തല എസ്.ഐയായിരുന്ന ജെ രാകേഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലും മുരുകൻ പ്രതിയാണ്.