കണ്ണൂര്‍ : മലബാറിലെ ട്രെയിൻ യാത്രികരുടെ ദുരിത യാത്രക്ക് പരിഹാരമാകാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും (Malabar overcrowded train journey issues). മംഗളൂരുവില്‍ നിന്നും നാഗര്‍കോവിലേക്കും തിരിച്ചുമുളള പരശുറാം എക്‌സ്പ്രസിലും എറണാകുളത്ത് നിന്നും ഉച്ച തിരിഞ്ഞ് നിസാമുദ്ദീന്‍ വരെ പോകുന്ന മംഗള എക്‌സ്പ്രസിലും കോയമ്പത്തൂരില്‍ നിന്ന് ഉച്ച തിരിഞ്ഞ് മംഗളൂരു വരെ പോകുന്ന എക്‌സ്പ്രസിലും നിന്ന് തിരിയാനാവാത്ത അവസ്ഥയാണ്. 22 ബോഗികളുമായി സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസിന് നാഗര്‍ കോവിലില്‍ പ്ലാറ്റ്‌ഫോം സൗകര്യം ഇല്ലാത്തതാണ് കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാത്തതിന് കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
പരാതി മനുഷ്യാവകാശ കമ്മിഷന്‍ വരെ എത്തിയിട്ടും പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല. പ്ലാറ്റ്‌ഫോം നീളം കൂട്ടിയാല്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയൂ. എന്നാല്‍, പരശുറാമിന്‍റെ തിരക്കിന് മാത്രമേ അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ.
ക്രിസ്‌തുമസ് അവധിക്കാലവും മധ്യവേനലവധിക്കാലവും വരികയാണ്. ഇക്കാലങ്ങളില്‍ തിരക്ക് ഇരട്ടിയാകും. അതിന് മുമ്പ് നാഗര്‍കോവിലെ പ്ലാറ്റ്‌ഫോം നീട്ടി പരശുറാം എക്‌സ്പ്രസിന് ബോഗികള്‍ വര്‍ധിപ്പാക്കാനാവില്ല. അടുത്ത വര്‍ഷം മാര്‍ച്ച് മാസം മാത്രമേ പ്ലാറ്റ്‌ഫോം നീട്ടല്‍ പൂര്‍ത്തിയാകൂ എന്നാണ് റെയില്‍വേ അധികാരികളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. റെയില്‍ യാത്രികര്‍ തിക്കിലും തിരക്കിലും പെട്ട് തളര്‍ന്ന് വീഴുന്ന അവസ്ഥയും ട്രെയിനുകളില്‍ പതിവാകും.
കടുത്ത വേനല്‍ ഉത്തര കേരളത്തെ ഗ്രസിച്ചു കഴിഞ്ഞു. കണ്ണൂര്‍-ഷൊര്‍ണൂര്‍ റൂട്ടിലും മംഗളൂരു റൂട്ടിലും തളര്‍ന്നു വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ മാത്രം റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
Also Read: മലബാറിന്‍റെ ക്ഷമ പരീക്ഷിക്കരുത്... റെയില്‍വെ സമ്മാനിക്കുന്ന ദുരിത പർവത്തില്‍ സഹികെട്ട് യാത്രക്കാർ
തൊഴില്‍, പഠനം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ അവഗണിക്കപ്പെടുന്ന അവസ്ഥയാണ് റെയില്‍വേ സ്വീകരിക്കുന്നത്. കോഴിക്കോട്-മംഗളൂരു റൂട്ടില്‍ ഒരു മെമു സര്‍വീസ് ആരംഭിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. സര്‍വീസ് നിര്‍ത്തിവച്ച കണ്ണൂര്‍-ബൈന്തൂര്‍ ട്രെയിന്‍ പുനരാംഭിക്കണം.
യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയക്രമം പാലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഒന്നോ രണ്ടാ കോച്ചുകള്‍ കൂട്ടിയാല്‍ മാത്രം യാത്ര ദുരിതത്തിന് പരിഹാരമാകില്ല. 78 പേര്‍ക്ക് ഇരിക്കാവുന്ന ജനറല്‍ കോച്ചില്‍ 180 ലേറെ പേര്‍ നിന്ന് തിരിയാനിടമില്ലാതെ കയറേണ്ടി വരുന്നു. സ്ലീപ്പര്‍ കോച്ചുകളും എസി കോച്ചുകളും വര്‍ധിപ്പിച്ച് സാധാരണക്കാരന്‍റെ യാത്രയെ ദുഃസഹമാക്കുകയാണ് റെയില്‍വേ എന്നും ആക്ഷേപമുണ്ട്.
അശാസ്ത്രീയമായ സമയക്രമവും വന്ദേഭാരതിന് വേണ്ടിയുള്ള പിടിച്ചിടലും എല്ലാം ദൈനംദിന യാത്ര ക്ലേശകരമാക്കുന്നുവെന്നും മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിന് മുമ്പോ ശേഷമോ ഒരു ദിന എക്‌സ്‌പ്രസ് സർവീസ് നടത്തുന്നതും നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ സഹായകമാകുമെന്നും ആളുകൾ പറയുന്നു.