കണ്ണൂർ : തലശ്ശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിലെ മുഖ്യ പ്രതി പിടിയിൽ. തലശ്ശേരി ഇല്ലിക്കുന്ന് സ്വദേശി പാറായി ബാബുവാണ് ഇരിട്ടിയിൽ നിന്ന് അറസ്റ്റിലായത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച പിണറായി സ്വദേശി സന്ദീപ്, പാറക്കെട്ട് സ്വദേശി അരുൺ എന്നിവരെയും പൊലീസ് പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ജാക്‌സൺ, സുജിത്ത്, അരുൺ, സന്ദീപ്, നവീൻ, ഫർഹാൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. അറസ്റ്റിലായ അഞ്ചുപേർ കൃത്യത്തിൽ നേരിട്ടുപങ്കെടുത്തെന്നും രണ്ടുപേർ സഹായം ചെയ്തെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് മുഖ്യപ്രതി നിട്ടൂർ സ്വദേശി പാറായി ബാബുവെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് സിപിഎം നെട്ടൂർ ബ്രാഞ്ച് അംഗമായ ഷമീർ(45), കെ. ഖാലിദ്(56) എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്ന് വിൽപന ചോദ്യം ചെയ്‌തതിന് ഷമീറിന്‍റെ മകൻ ഷബിലിനെ (20) ബുധനാഴ്‌ച ഉച്ചയ്‌ക്ക് ലഹരിവിൽപന സംഘം ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബിലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് കാണാനെത്തിയതായിരുന്നു ഖാലിദും ഷമീറുമടക്കമുള്ളവർ.
ഇതിനിടെ ആശുപത്രിയിലെത്തിയ പ്രതികൾ ഇവരെ റോഡിലേക്ക് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. ഇവരില്‍ ഖാലിദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും സുഹൃത്ത് ഷാനിബിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷമീറും മരണത്തിന് കീഴടങ്ങുകയായിരുന്നു.