കണ്ണൂർ: ശ്രീകണ്‌ഠപുരത്ത് വിവാഹ വീട്ടിലെ കാറുകൾ മാനസിക വിഭ്രാന്തിയുള്ളയാൾ അടിച്ചു തകർത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബെൻസുൾപ്പെടെയുള്ള ആറ് കാറുകളാണ് അടിച്ചു തകർത്തത്. സംഭവത്തിൽ ചക്കരക്കൽ സ്വദേശി റഫീഖിനെ ശ്രീകണ്‌ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെങ്ങളായി ചേരന്മൂല സ്വദേശി അബ്‌ദുൾ ഫത്താഹ്‌ക്കിന്‍റെ വീട്ടിൽ വിവാഹ സത്കാരത്തിനായി എത്തിയവരുടെ കാറുകളാണ് റഫീഖ് തകർത്തത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് മുമ്പ് കല്ലേറ് നടന്നതായി വീട്ടുകാർ പറയുന്നു. തുടർന്നാണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കാറുകളുടെ ചില്ലുകൾ അടിച്ചു തകർത്തത്.
റഫീഖ് സഞ്ചരിച്ചിരുന്നതായി കരുതുന്ന ഇരുചക്രവാഹനം സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. റഫീഖ് വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയതിനും വാഹനങ്ങൾ അടിച്ചു തകർത്തതിനും റഫീഖിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ റഫീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.