കണ്ണൂര്‍: പാനൂർ കൈവേലിക്കലില്‍ 2500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്‌സൈസ് പ്രിവന്‍റീവ് ഓഫീസർ കെ ശശികുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൈവേലിക്കലിനടുത്ത് ആൾപാർപ്പില്ലാത്ത പറമ്പിന്‍റെ ഇടവഴിയിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 10 പ്ലാസ്റ്റിക് ബാരലുകളിലായി കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചത്. ചാരായം വാറ്റാനുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമീപ പ്രദേശത്ത് നിന്ന് കണ്ടെടുത്തു.
വ്യാജ മദ്യ നിർമാണ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പികെ സതീഷ് കുമാറും എക്സൈസ് ഇൻസ്‌പെക്ടർ കെ ഷാജിയും അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിനായിരത്തിലധികം ലിറ്റർ വാഷ് ആണ് കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും എക്സൈസ് സംഘം നിരവധി വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു.