കണ്ണൂര്‍: വടക്കേ മലബാറിലെ കാവുകളിൽ പൂരക്കളിപ്പാട്ടുകളുടെയും മറത്തുകളിയുടെയും ആരവങ്ങൾ മുഴങ്ങുമ്പോൾ പുരോഗമന പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ കരിവെള്ളൂരിൽ മരുമകളുടെ മതത്തിന്‍റെ പേരിൽ കലാകാരന് വിലക്ക്. 37 വര്‍ഷമായി പൂരക്കളി, മറുത്തുകളി രംഗത്ത് സജീവമായ, കേരള പൂരക്കളി അക്കാദമി അവാർഡ് ജേതാവുമായ വിനോദ് പണിക്കരാണ് ഈ ദുരവസ്ഥ നേരിടുന്നത്. വീട്ടുമുറ്റത്തെ കാവായ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിൽ നിന്നും പരിസരപ്രദേശത്തെ കാവായ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലുമാണ് അദ്ദേഹത്തെ വിലക്കിയത്.
പൂജാമുറിയിൽ കർമം നടത്തുന്നതിന് തടസം
കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ പൂരോത്സവത്തിന് മറുത്തുകളി നടത്താനായി നേരത്തെ തന്നെ വിനോദ് പണിക്കരെ ഏല്‍പ്പിച്ചിരുന്നെങ്കിലും ഇപ്പോൾ പകരം മറ്റൊരാളെ ഏൽപ്പിച്ച് കളി നടത്തുകയാണ്. ഈ രണ്ടു കാവുകളും സി.പി.എം പാർട്ടി ഗ്രാമത്തില്‍ ഉള്‍പ്പെട്ടതിനാല്‍ രണ്ടുവർഷം മുന്‍പ് വിഷയം പാർട്ടി വേദിയിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍, പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ലെന്ന് വിനോദ് പണിക്കർ പറയുന്നു. ഇതേസമയം, വിശ്വാസികളുടെ വികാരംകൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കുണിയൻ ഭഗവതി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് വീട്ടിൽചെന്ന് പണിക്കരെ കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങുണ്ട്. ഈ സമയം ആചാരക്കാരുടെ പവിത്രമായി കരുതിപ്പോരുന്ന ആചാരമുദ്ര അവിടെ പൂജാമുറിയിൽ വെക്കുക എന്നൊരു കർമം കൂടി നടത്തുന്നുണ്ട്. അന്യമതസ്ഥർ ഇടപെടുന്ന വീട്ടിലുള്ള പൂജാമുറിയിൽ ആ കർമം നടത്താൻ പറ്റില്ലെന്നും തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പണിക്കരുടെ അമ്മ താമസിക്കുന്ന വീട്ടിൽ നടത്താമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇത് വിനോദ് പണിക്കർ അംഗീകരിച്ചില്ലെന്ന് പറമ്പത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
'സഹായത്തിന് പാര്‍ട്ടിയും സംഘടനയും ഇടപെട്ടില്ല'
പല ആചാരാനുഷ്‌ഠാനങ്ങളിലും പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രങ്ങളായതിനാൽ വാണിയില്ലം സോമേശ്വരി ക്ഷേത്ര കമ്മിറ്റി എടുത്ത ഒരുതീരുമാനം തങ്ങൾക്ക് തിരുത്താവുന്നതല്ലെന്നും ഇവർ പറയുന്നു. മകൻ കല്യാണം കഴിച്ചതിനുശേഷവും താൻ പരവന്തട്ട ക്ഷേത്രത്തിൽ മറുത്തുകളി നടത്തിയിട്ടുണ്ട്. ഈ വിഷയം കഴിഞ്ഞവർഷം പൂരക്കളി കലാപരിഷത്ത് എന്ന ഈ മേഖലയിലുള്ളവരുടെ സംഘടനയെ അറിയിച്ചിരുന്നു. അവർക്കും പ്രത്യേകിച്ച് ഒന്നും ഇതുവരെ ചെയ്യാൻ കഴിഞ്ഞില്ലെന്നും വിനോദ് പണിക്കർ പറഞ്ഞു.
മകൻ ചെയ്‌ത കാര്യത്തിന് എല്ലാ ക്ഷേത്ര ചിട്ടവട്ടങ്ങളും അനുസരിക്കുന്ന തന്നെയെന്തിന് ശിക്ഷിക്കുന്നതെന്നാണ് പുരോഗമന പ്രസ്ഥാനത്തോടൊപ്പം ചേർന്നുനിൽക്കുന്ന വിനോദ് പണിക്കർ ചോദിക്കുന്നു. പൂരക്കളിയില്‍, മാതമംഗലം പുലിയൂരുകാളി ക്ഷേത്രത്തിൽ നിന്നും ഇദ്ദേഹം പട്ടും വളയും നേടിയിട്ടുണ്ട്.
ALSO READ: എംഡിഎംഎയുമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് അറസ്റ്റിൽ